21 September Saturday
ഷാപ്പിൽ അടിപിടിക്ക്‌ പിന്നാലെ യുവാവിന്റെ മരണം

നരഹത്യക്ക് 2 പേർ അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Friday Sep 20, 2024
മാള 
ആളൂർ പാറേക്കാട്ടുകരയിൽ ഷാപ്പിൽ അടിപിടിക്ക്‌ പിന്നാലെ അവശനിലയിലായ യുവാവ് മരിച്ച സംഭവത്തിൽ രണ്ടു പേർ അറസ്റ്റിൽ. പാറേക്കാട്ടുകര സ്വദേശികളായ കല്ലിവളപ്പിൽ ജിന്റോ (28) കുവ്വക്കാട്ടിൽ സിദ്ധാർഥൻ (63) എന്നിവരെയാണ് നരഹത്യ ചുമത്തി അറസ്റ്റ്‌ ചെയ്‌തത്‌.  ഇരുവരെയും 14 ദിവസത്തേയ്ക്ക്‌ റിമാൻഡ്‌ ചെയ്‌തു.  പഞ്ഞപ്പിള്ളി സ്വദേശി മാളിയേക്കൽ ജോബിയാണ്‌ അടിപിടിക്ക്‌ പിന്നാലെ മരിച്ചത്‌. തിരുവോണ നാളിലാണ് കേസിനാസ്പദമായ സംഭവം. ഞായർ വൈകിട്ട് ആറരയോടെ കള്ളുഷാപ്പിന് എതിർ വശത്ത് അവശനിലയിൽ കിടക്കുകയായിരുന്ന ജോബിയെ  ബന്ധുക്കളെത്തി ആശുപത്രിയിൽ കൊണ്ടുപോയിരുന്നു. പിറ്റേന്ന് പുലർച്ചെ മരിച്ചു. 
ജോബിയും പാറക്കാട്ടുകര സ്വദേശി സിദ്ധാർഥനും തമ്മിൽ ഉച്ചയോടെ ഷാപ്പിൽ വച്ച്  വഴക്കുണ്ടായി. അതുവഴി സ്കൂട്ടറിൽ പോവുകയായിരുന്ന ജിന്റോ ഇരുവരേയും പിടിച്ചു മാറ്റി. വീണ്ടും സ്കൂട്ടറിൽ കയറിപ്പോകാൻ ശ്രമിക്കുന്നതിനിടെ ജോബി അസഭ്യം പറഞ്ഞ് ജിന്റോയുടെ ഷർട്ടിൽ കയറിപ്പിടിച്ചു. ഇതോടെ സ്കൂട്ടറിൽ നിന്ന്  റോഡിലേക്ക് വീഴാൻ പോയ ജിന്റോ  പ്രകോപിതനായി  ജോബിയെ ചവിട്ടി വീഴ്ത്തുകയായിരുന്നു. സിദ്ധാർഥന്റെയും ജിന്റൊയുടെയും മർദനത്തിലാണ് ജോബിക്ക് പരിക്കേറ്റത്. വീഴ്ചയിൽ തലയ്ക്ക് പരിക്കേറ്റു. വാരിയെല്ല്‌ പൊട്ടുകയും ആന്തരികാവയവങ്ങൾക്ക്‌ ക്ഷതമേൽക്കുകയും ചെയ്തിട്ടുണ്ട്.  ഇതാണ് മരണകാരണമായി പറയുന്നത് .
 തിരുവോണ ദിവസമായതിനാൽ ഉച്ചക്ക് ഷാപ്പ് കുറച്ചു നേരം അടച്ചിട്ടിരുന്നു. ഈ സമയത്താണ് അടിപിടി.  തിങ്കളാഴ്ച തൃശൂർ മെഡിക്കൽ കോളജിൽ വച്ചാണ്‌  ജോബി മരിച്ചത്‌.  ജിന്റോ കൊടകര, ആളൂർ, സ്റ്റേഷനുകളിൽ  അടിപിടിക്കേസിലും ഇടുക്കിയിൽ കള്ളനോട്ട് കേസിലും മുമ്പ്‌  ഉൾപ്പെട്ടിട്ടുണ്ട്.
 ഇരിങ്ങാലക്കുട ഡിവൈഎസ്‌പി കെ  ജി  സുരേഷിന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ കെ എം ബിനീഷ്,  ആളൂർ എസ്ഐ  കെ എസ്  സുബിന്ത്, കെ കെ രഘു, പി ജയകൃഷ്ണൻ, കെ എസ് ഗിരീഷ്, സീനിയർ സിപിഒ  ഇ എസ് ജീവൻ, സിപിഒ  കെ എസ് ഉമേഷ്, സവീഷ്, സുനന്ദ്,  സ്പെഷ്യൽ ബ്രാഞ്ച് എസ്ഐ ടി ആർ ബാബു എന്നിവരാണ് അന്വേഷക  സംഘത്തിലുണ്ടായിരുന്നത്. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top