21 November Thursday
മധ്യകേരളത്തിലെ ക്ഷേത്രോത്സവത്തിന് തുടക്കം

നിറച്ചാര്‍ത്തോടെ തിരുവില്വാമല നിറമാല ആഘോഷിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Sep 20, 2024

തിരുവില്വാമല നിറമാലാഘോഷത്തിനോടനുബന്ധിച്ച് നടന്ന പ്രഭാത ശീവേലി എഴുന്നള്ളിപ്പ്

തിരുവില്വാമല 
മധ്യകേരളത്തിലെ ക്ഷേത്രോത്സവത്തിന് തുടക്കംകുറിച്ച്‌ വില്വാദ്രിനാഥ ക്ഷേത്രത്തിൽ നിറമാല ആഘോഷിച്ചു. ക്ഷേത്രദർശനത്തിനായി ആയിരക്കണക്കിന് വിശ്വാസികളെത്തി. കന്നിമാസത്തിലെ മുപ്പെട്ട് വ്യാഴാഴ്ചയാണ്നി റമാല ആഘോഷം. താമരപ്പൂക്കൾ, കൊടിതോരണങ്ങൾ, കുലവാഴകൾ എന്നിവകൊണ്ട്  ശ്രീകോവിലുകളും ക്ഷേത്രാങ്കണവും അലങ്കരിച്ചു. 15,000 താമരപ്പൂക്കളാണ് ഇത്തവണ അലങ്കാരത്തിനായി തിരുനാവായയിൽനിന്നെത്തിച്ചത്. വില്വാദ്രിനാഥന് വാദ്യാർച്ചന നടത്തി. പുതിയ സീസണെ വരവേൽക്കാൻ കേരളത്തിലെ പ്രസിദ്ധരായ കലാകാരന്മാരെത്തുന്നതും ആനകളെ ഏക്കമില്ലാതെ ഉടമകൾ എത്തിക്കുന്നതും നിറമാലയുടെ പ്രത്യേകതയാണ്. 
വ്യാഴം രാവിലെ അഞ്ചിന് അഷ്ടപദി, ആറിന് നാഗസ്വരം, എട്ടിന് ശീവേലി എന്നിവ നടന്നു. രാവിലെ നടന്ന എഴുന്നള്ളിപ്പിൽ പഞ്ചാരിമേളത്തിന് കിഴക്കൂട്ട് അനിയൻമാരാർ പ്രാമാണികനായി. ചിറയ്ക്കൽ കാളിദാസൻ ചെത്തല്ലൂർ മുരളീകൃഷ്ണൻ എന്നീ ആനകൾ പ്രഭാത ശീവേലിക്ക് തിടമ്പേന്തി. പകൽ രണ്ടിന് നടന്ന കാഴ്ചശീവേലിക്ക് കുനിശേരി അനിയൻമാരാർ പഞ്ചവാദ്യത്തിന് പ്രാമാണികനായി. പാമ്പാടി രാജൻ, തിരുവാണിക്കാവ് രാജഗോപാൽ എന്നീ ആനകൾ തിടമ്പേന്തി. വൈകിട്ട് ആറിന് നിറമാല വിളക്കുവയ്‌പ്പ്‌, ഒമ്പതിന് തൃത്തായമ്പക, മദ്ദളകേളി എന്നിവയും നടന്നു. വെള്ളിയാഴ്ച രാവിലെ 5.30ന് നടക്കുന്ന നാ​ഗസ്വരത്തോടെ ഉത്സവത്തിന് സമാപനമാകും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top