21 November Thursday
പുരോഗമന കലാസാഹിത്യ സംഘം

മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് 
സ്മൃതിയാത്ര കടലിരമ്പമായി

വെബ് ഡെസ്‌ക്‌Updated: Friday Oct 20, 2023

മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ്‌ സ്മൃതിയാത്ര ബക്കർ മേത്തല ഉദ്ഘാടനം ചെയ്യുന്നു

കൊടുങ്ങല്ലൂർ
മലബാർ സിംഹം മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ്ബിന്റെ ജ്വലിക്കുന്ന സ്മരണകൾ തീരദേശത്ത്‌ വീണ്ടും ഇരമ്പി.  സ്വാതന്ത്ര്യസമര പോരാട്ടത്തിൽ നക്ഷത്രമായി ജ്വലിച്ച സാഹിബ്ബിന് ജന്മം നൽകിയ എറിയാടിന്റെ മണ്ണിലാണ് പോരാട്ടത്തിന്റെ കനലോർമകൾ ജ്വലിച്ചത്‌. പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മുഹമ്മദ് അബ്ദുൾ റഹിമാൻ സാഹിബ്‌ സ്മൃതിയാത്ര, സ്വാതന്ത്ര്യസമര പോരാട്ട ഭൂമികയിലേക്ക് കൊടുങ്ങല്ലൂർ സംഭാവന നൽകിയ വീരപുത്രനുള്ള സ്മരണാഞ്ജലിയായി. പുതിയ പോരാട്ടങ്ങൾക്കുള്ള കരുത്തും ആവേശവുമായി മുന്നേറിയ സ്മൃതിയാത്ര അഴീക്കോട് പുത്തൻപള്ളി പരിസരത്ത്, സാഹിത്യകാരനും സാഹിബ്ബിന്റെ ജീവചരിത്രകാരനുമായ ബക്കർ മേത്തല  ജാഥാക്യാപ്റ്റനും പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി അംഗവുമായ യു കെ സുരേഷ്‌കുമാറിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. 
കെ എസ് സതീഷ്‌കുമാർ അധ്യക്ഷനായി. നൗഷാദ് കറുകപ്പാടത്ത്, ടി എ ഇക്ബാൽ, സുധീഷ് അമ്മവീട്, ഉണ്ണി പിക്കാസോ, ടി കെ രമേഷ്ബാബു, വി എൻ സുബ്രഹ്മണ്യൻ, എം രാഗിണി, സുഗത ശശിധരൻ, ഫൗസിയ ഷാജഹാൻ എന്നിവർ സംസാരിച്ചു. 
നൂറുകണക്കിന് ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ തീരദേശത്തെ ഉണർത്തി മുന്നേറിയ സ്മൃതിയാത്ര എറിയാട് ചേരമാൻ സെന്ററിൽ സമാപിച്ചു.  പൊതുസമ്മേളനം മാധ്യമപ്രവർത്തകൻ ഹസൻകോയ ഉദ്ഘാടനം ചെയ്തു. എറിയാട് പഞ്ചായത്ത് പ്രസിഡന്റ്‌ കെ പി രാജൻ അധ്യക്ഷനായി.  കവിയരങ്ങും  കലാപരിപാടികളും നടന്നു. 27, 28, 29 തീയതികളിൽ കൊടുങ്ങല്ലൂരിലാണ്‌ പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സമ്മേളനം. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top