തൃശൂർ
കായിക ലോകത്ത് പുതിയ വേഗവും ഉയരവും കുറിക്കാൻ താരങ്ങൾ വരവായി. റവന്യൂ ജില്ലാ സ്കൂൾ ഒളിമ്പിക്സിന് കുന്നംകുളം ഗവ. ബോയ്സ് ഹയർസെക്കൻഡറി സ്കൂൾ സിന്തറ്റിക് ട്രാക്കിൽ തിങ്കളാഴ്ച തുടക്കമാകും. ചരിത്രത്തിൽ ആദ്യമായി ഭിന്നശേഷിക്കാരായ കുട്ടികളുടെ 100 മീറ്റർ ഓട്ടമത്സരത്തോടെയാണ് മത്സരങ്ങൾ തുടങ്ങുക. 21, 22, 23 തീയതികളിലായി നടക്കുന്ന മേളയിൽ സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ 99 ഇനങ്ങളിലായി 2100 കായികതാരങ്ങൾ പങ്കെടുക്കും.
തിങ്കൾ രാവിലെ പത്തിന് എ സി മൊയ്‌തീൻ എംഎൽഎ മേള ഉദ്‌ഘാടനം ചെയ്യും. കുന്നംകുളം നഗരസഭാ അധ്യക്ഷ സീത രവീന്ദ്രൻ അധ്യക്ഷയാവും. വിദ്യാഭ്യാസ വകുപ്പ് ഡെപ്യുട്ടി ഡയറക്ടർ എ കെ അജിതകുമാരി പതാക ഉയർത്തും.
ചൊവ്വ രാവിലെ 6.30ന് പന്നിത്തടത്ത് നിന്ന് ക്രോസ് കൺട്രി മത്സരം ആരംഭിക്കും. കുന്നംകുളം ഗവ. ബോയ്സ് ഗ്രൗണ്ടിന് മുൻവശം സമാപിക്കും. 60 പെൺകുട്ടികളും 60 ആൺകുട്ടികളും മത്സരിക്കും. ഹാമർ ത്രോ മത്സരങ്ങൾ ബഥനി സ്കൂൾ ഗ്രൗണ്ടിലാണ് നടക്കുക. മത്സരാർഥികൾക്ക് ഉച്ചഭക്ഷണവും മെഡിക്കൽ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. ഹരിതചട്ടം പാലിച്ചാണ് മേള സംഘടിപ്പിക്കുന്നത്. ഓവറോൾ ട്രോഫിക്ക് പുറമെ മികച്ച സ്‌കൂളിനും ട്രോഫി സമ്മാനിക്കും.
വാർത്താ സമ്മേളനത്തിൽ ഡെപ്യുട്ടി ഡയറക്ടർ എ കെ അജിതകുമാരി, ജില്ലാ സ്‌പോർട്‌സ് കോ ഓർഡിനേറ്റർ എ എസ് മിഥിൻ, കെ കെ മജീദ്, ജേക്കബ് ജെ ആലപ്പാട്ട് എന്നിവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..