മാള
ദിയയുടെ അമ്മസ്‌നേഹത്തിനോട് നാടും ചേർന്നു നിന്നു. റീനയ്‌ക്ക് തിരികെക്കിട്ടിയത് ജീവിതം. കുടുംബത്തിനും നാടിനും ആഹ്ലാദക്കണ്ണീർ. മേലഡൂർ പുഞ്ചിരി നഗറിൽ ആനാമ്പലത്ത് ദിനിൽകുമാറിന്റെ ഭാര്യ റീനയ്‌ക്ക് ഗുരുതര കരൾ രോഗം ബാധിച്ചു. കരൾ മാറ്റിവയ്‌ക്കണമെന്ന് ഡോക്‌ടർമാർ നിർദേശിച്ചു. 18 വയസ്സ് പൂർത്തിയാകുന്ന ദിവസം തന്നെ അമ്മയ്ക്ക് കരൾ പകുത്തു നൽകാൻ തയ്യാറാണെന്ന് മകൾ ദിയ ദിനിൽകുമാർ അറിയിച്ചതോടെ സുപ്രധാന കടമ്പ കടന്നു. ശസ്‌ത്രക്രിയക്കുള്ള പണം തന്നെയായിരുന്നു അടുത്തത്. മകളുടെ സ്‌നേഹത്തിനും ത്യാഗത്തിനും മുന്നിൽ ഒരു നാടിന് ഉണാരാതിരിക്കാനായില്ല. നാട്ടുകാർ ചികിത്സാ സഹായനിധി രൂപീകരിച്ചു. മനുഷ്യസ്‌നേഹികളുടെ കൂട്ടായ്‌മയിൽ ആവശ്യത്തിലധികം പണവും എത്തി. ഒടുവിൽ വിജയകരമായി ശസ്‌ത്രക്രിയ പൂർത്തിയായി. കരൾ സ്വീകരിച്ച അമ്മയും കരൾ പകുത്തു നൽകിയ മകളും സുഖം പ്രാപിച്ചുവരുന്നു.
കഴിഞ്ഞദിവസം ചേർന്ന ചികിത്സാ സഹായ നിധി പൊതുയോഗത്തിൽ ദിയയെ മേലഡൂർ പള്ളി വികാരി ജോസ് പാലാട്ടി ആദരിച്ചു. ലഭിച്ച ചികിത്സാ സഹായനിധിയിൽനിന്ന് ഒരു ഭാഗം ചികിത്സയ്ക്ക് സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന രോഗികൾക്ക് നൽകാമെന്ന് റീനയുടെ ഭർത്താവ് ദിനിൽകുമാർ യോഗത്തിൽ അറിയിച്ചു. ഒരു വിഹിതം സൗജന്യ ചികിത്സ നൽകിക്കൊണ്ടിരിക്കുന്ന ഇൻഫന്റ് ജീസസ് മിഷൻ ആശുപത്രിയിലേക്ക് യോഗത്തിൽ സംഭാവനയായി നൽകി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..