തൃശൂർ
നഗരത്തിൽ സുരക്ഷിത യാത്ര ഒരുക്കുന്നതിന്റെ ഭാഗമായി ആരംഭിച്ച പദ്ധതി ഫലം കാണുന്നു. അപകടരഹിത സഞ്ചാരമെന്ന ആശയത്തിലൂന്നിയുള്ള കോർപറേഷൻ പദ്ധതിയുടെ ആദ്യ ഘട്ടം ശക്തൻ നഗറിലാണ് നടപ്പാക്കിയത്. കാൽനട യാത്രയ്‌ക്കും വാഹന ഗതാഗതത്തിനും സുരക്ഷ ഉറപ്പാക്കുന്നതാണ് പദ്ധതി. ഇതിന്റെ ഭാഗമായി യാത്രക്കാർ റോഡിലിറങ്ങി നടക്കുന്നതും നിർദിഷ്ട സ്ഥലങ്ങളിലല്ലാതെ മുറിച്ച് കടക്കുന്നതും തടയാൻ ലക്ഷ്യമിട്ടാണ് ആകാശപ്പാത നിർമിച്ചത്. കാൽനടയാത്രികർ റോഡിലിറങ്ങാതിരിക്കാനായി റോഡും നടപ്പാതയും ബാരിക്കേഡ് വച്ച് തിരിച്ചു. എംഒ റോഡിൽ നിന്ന് ശക്തൻ സ്‌റ്റാൻഡിലേക്ക് വരുന്ന ബസുകൾ വീശിയൊടിക്കുക പതിവാണ്. പലപ്പോഴും ഇത് അപകടങ്ങൾ സൃഷ്ടിക്കാറുണ്ട്. ഇത് ഒഴിവാക്കാൻ റോഡിന് നടുവിൽ ഡിവൈഡർ സ്ഥാപിച്ചു. നൂറ് മീറ്ററപ്പുറം ശക്തൻ പ്രതിമ ചുറ്റി സ്‌റ്റാൻഡിലേക്ക് വരുംവിധമാണ് ക്രമീകരിച്ചത്. ഇതോടെ കാൽനാടയാത്രികർക്കും ചെറുവാഹനങ്ങൾക്കും ആശ്വാസമായി. എന്നാൽ സ്വകാര്യ ബസ് ഉടമകളും ജീവനക്കാരും പരിഷ്‌കാരത്തിന് എതിരായി രംഗത്തുണ്ട്.
2030 ഓടെ രാജ്യത്തെ വികസിത നഗരങ്ങളോടൊപ്പം തൃശൂരിനെ എത്തിക്കാൻ കോർപറേഷൻ ആവിഷ്കരിച്ച നിരവധി പദ്ധതികളുടെ ഭാഗമാണ് കാൽനട സുരക്ഷിത നഗരം. റോഡ് ഗതാഗതം സുഗമമാക്കുന്നതിന്റെ ഭാഗമായി നഗരത്തിലെ റോഡുകൾ ആധുനികവൽക്കരിക്കും. കൂർക്കഞ്ചേരി– കുറുപ്പം റോഡിന്റെ കോൺക്രീറ്റിങ് പുരോഗമിക്കുകയാണ്. സ്വരാജ് റൗഡിലേക്ക് വരുന്ന മുഴുവൻ റോഡുകളും നവീകരിക്കും. സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി സ്വരാജ് റൗണ്ടിൽ നടപ്പാതയിലെ ബാരിക്കേഡിൽ ബൊഗൈൻവില്ലകൾ വച്ചുപിടിപ്പിച്ചതു പോലെ എല്ലായിടത്തും ചെയ്യും. എംഒ റോഡിനെ മാതൃക റോഡാക്കിയ പോലെ എല്ലാ റോഡുകളെയും മാറ്റും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..