തൃശൂർ
കാഴ്‌ച പരിമിതിയെ ഉൾക്കാഴ്‌ച കൊണ്ട് നേരിട്ടാണ് ആയിഷ ചെസ് ബോർഡിൽ കരുക്കൾ നീക്കുന്നത്. തൊട്ട് നോക്കി, കരുക്കൾ മനസിലാക്കി ആയിഷ നടത്തുന്ന നീക്കങ്ങൾ ഒന്നിനു പിറകെ ഒന്നായി വിജയങ്ങളായി മാറി. വിജയവഴിയിലേറി പാലക്കാട് കള്ളിക്കാട് സ്വദേശിയായ കെ എ ആയിഷ സൈനബ് അന്താരാഷ്‌ട്ര ബ്ലൈൻഡ് ചെസ് ടൂർണമെന്റിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ ഒരുങ്ങുകയാണ്. സെപ്‌തംബറിൽ ബംഗളൂരുവിൽ നടക്കുന്ന മത്സരത്തിൽ അഞ്ചംഗ ഇന്ത്യൻ സംഘത്തിൽ ആയിഷയും അംഗമാണ്. പാലക്കാട് മൊയൻസ് സ്‌കൂളിലെ 10–-ാം ക്ലാസ് വിദ്യാർഥിയായ ആയിഷ ബ്ലൈൻഡ് ചെസ് ടൂർണമെന്റിൽ ഇന്ത്യയെ പ്രതിനിധികരിക്കുന്ന കേരളത്തിൽ നിന്നുള്ള ആദ്യ പെൺകുട്ടിയാണ്. ഒന്നാം ക്ലാസ് മുതൽ ഏഴുവരെ കരിമ്പ ഹെലൻ കെല്ലർ അന്ധ വിദ്യാലയത്തിലായിരുന്നു പഠനം. പിന്നീട് മോയൻസിലേക്ക് മാറി. ഇതിനു ശേഷമാണ് ചെസ് കളിയിലേക്ക് തിരിയുന്നത്.കോവിഡ് കാലത്ത് ഓൺലൈനായാണ് കളിച്ച് തുടങ്ങിയത്. ആദ്യ ടൂർണമെന്റിൽ തന്നെ മികച്ച വനിത താരമായി. ജില്ലാ, സംസ്ഥാന തലങ്ങളിലും വിജയം. തുടർന്ന് ദേശീയ തലത്തിലും മത്സരിച്ചു. സംസ്ഥാന സ്‌കൂൾ കായിക മേളയിൽ സബ് ജില്ലാ തലത്തിൽ ഒന്നാം സ്ഥാനവും ജില്ലയിൽ രണ്ടാം സ്ഥാനവും നേടി. കഴിഞ്ഞ വർഷം ബംഗളൂരുവിൽ നടന്ന ദക്ഷിണ മേഖല ടൂർണമെന്റിൽ ഫിഡെ റേറ്റിങ് ലഭിച്ചു. നിലവിൽ 1506 ആണ് റേറ്റിങ്. ഗുജറാത്തിൽ നടന്ന ദേശീയ ടൂർണമെന്റിൽ അഞ്ചാം സ്ഥാനത്തെത്തി. ഈ വിജയം ദേശീയ ടീമിലേക്ക് വഴിതുറന്നു. കാഴ്‌ചയുള്ള സാധാരണ കുട്ടികളുമായി കളിച്ചാണ് ആയിഷ കളിവേഗം വർധിപ്പിക്കുന്നത്. പരിശീലനം കൂടുതലും ഓൺലൈനിലാണ്. തിരുവനന്തപുരം കാസ്റ്റിൽ അക്കാദമിയുടെ കീഴിലാണ് പരിശീലനം. അൻസാരി, റജീന ദമ്പതികളുടെ മകളാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..