22 December Sunday

ആശ്വാസം; മഴ മുന്നറിയിപ്പില്ല

സ്വന്തം ലേഖകൻUpdated: Sunday Jul 21, 2024

മഴമാറിയോ! തൃശൂർ നഗരത്തിന്റെ ആകാശക്കാഴ്ച. ശനിയാഴ്ച വൈകുന്നേരത്തെ ദൃശ്യം ഫോട്ടോ: ഡിവിറ്റ് പോള്‍

തൃശൂർ
ജില്ലയിൽ ദിവസങ്ങളായി തുടരുന്ന മഴ കുറയുന്നു. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചന പ്രകാരം ജില്ലയിൽ ശനിയാഴ്‌ച മഴ മുന്നറിയിപ്പില്ല. കഴിഞ്ഞ ദിവസങ്ങളിൽ പലയിടങ്ങളിലും 100 മില്ലിമീറ്ററിലധികമാണ്‌ മഴ പെയ്‌തിരുന്നത്‌.  കഴിഞ്ഞ 24 മണിക്കുറിൽ ജില്ലയിൽ ഏറ്റവും കൂടുതൽ മഴ പെയ്‌തത്‌ വടക്കാഞ്ചേരിയിലാണ്‌, 18.6 മില്ലിമീറ്റർ. വെള്ളാനിക്കര–- 17, കുന്നംകുളം–- 13, ഇരിങ്ങാലക്കുട–- 5.2, ചാലക്കുടി–- 4.2 മില്ലിമീറ്റർ എന്നിങ്ങനെയാണ്‌ മഴ. മഴ കുറഞ്ഞതോടെ താഴ്‌ന്ന പ്രദേശങ്ങളിൽ നിന്ന്‌ വെള്ളം ഇറങ്ങി തുടങ്ങി. ജില്ലയിലെ പെരിങ്ങൽകൂത്ത്‌ ഒഴികെയുള്ള പ്രധാന അണകെട്ടുകളിൽ ഒന്നിലും മുന്നറിയിപ്പുകളില്ല. പെരിങ്ങൽകുത്തിൽ ഷട്ടറുകൾ തുറന്ന്‌ വെള്ളം പുറത്തേക്ക്‌ ഒഴുക്കുന്നുണ്ട്‌. ഡാമിൽ ഓറഞ്ച്‌ അലർട്ട്‌ നിലനിൽക്കുകയാണ്‌. ഇവിടെ പരിധിയുടെ 82.40 ശതമാനം വെള്ളമാണുള്ളത്‌. 
 
6 ദിവസം: 
297 മില്ലിമീറ്റർ മഴ
ജില്ലയിൽ കഴിഞ്ഞ ആറ്‌ ദിവസത്തിനിടയിൽ പെയ്‌തത്‌ 297.4 മില്ലിമീറ്റർ മഴ. ഇതോടെ മഴക്കുറവ്‌ വലിയ രീതിയിൽ പരിഹരിക്കപ്പെട്ടു. ജൂൺ ഒന്നിന്‌ തുടങ്ങിയ കാലവർഷത്തിൽ ഇതുവരെ ലഭിച്ച മഴ 1013.5 മില്ലിമീറ്റാണ്‌. ലഭിക്കണ്ട മഴ 1165.6 മില്ലിമീറ്റർ. കാലവസ്ഥ വകുപ്പിന്റെ കണക്കുകൾ പ്രകാരം കാലവർഷം സാധാരണമാണ്‌. മഴ കുറവ്‌ 13 ശതമാനം മാത്രം.  ജൂൺ ഒന്നുമുതൽ ജൂലൈ 13 വരെ പെയ്‌ത മഴയിൽ 29 ശതമാനം കുറവുണ്ട്‌. ഈ കാലയളവിൽ ആകെ പെയ്‌തത്‌ 716.1  മില്ലിമീറ്റർ. ലഭിക്കേണ്ടിയിരുന്നത്‌ 1006.3 മില്ലിമീറ്റർ.

ക്യാമ്പുകളിൽ 311 പേർ
ജില്ലയിൽ ഏഴ്‌ താലൂക്കുകളിലായി  14 ക്യാമ്പുകളാണ്‌ പ്രവർത്തിക്കുന്നത്‌. 106 കുടുംബങ്ങളിലെ 311 പേരാണ്‌ ക്യാമ്പുകളിൽ കഴിയുന്നത്‌. 118  പുരുഷന്മാരും 133 സ്ത്രീകളും 60 കുട്ടികളും. ഗർഭിണിയായ രണ്ട്‌ പേരും ക്യാമ്പിലുണ്ട്‌. മുകുന്ദപുരം- താലൂക്ക്‌–- ഏഴ്, തൃശൂർ-–- മൂന്ന്, ചാലക്കുടി-, കൊടുങ്ങലൂർ, കുന്നംകുളം എന്നിവിടങ്ങളിൽ- ഒരോ ക്യാമ്പുമാണുള്ളത്‌. 125 പേരുള്ള മുകുന്ദപുരം താലൂക്കിലാണ്‌ കൂടുതൽ പേർ ക്യാമ്പിൽ കഴിയുന്നത്‌. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top