തൃശൂർ
റഷ്യൻ സൈന്യത്തിൽ ചേർന്ന മൂന്നു മലയാളികളെ നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ട് കുടുംബങ്ങൾ സർക്കാരിനെ സമീപിച്ചു. തൃശൂർ കൊടകര സ്വദേശി സന്തോഷ് കാട്ടുങ്കൽ ഷൺമുഖൻ (40), എറണാകുളം കുറുബലശേരി സ്വദേശി റെനിൻ പുന്നക്കൽ തോമസ് (43), കൊല്ലം മേയ്യന്നൂർ സ്വദേശി സിബി സൂസമ്മ ബാബു (27) എന്നിവരുടെ കുടുംബമാണ് സർക്കാരിനെ സമീപിച്ചത്. നോർക്ക അഡീഷണൽ സെക്രട്ടറി റഷ്യയിലെ ഇന്ത്യൻ എംബസിയെ വിവരം അറിയിച്ചിട്ടുണ്ട്. മൂന്നു പേരെയും കേരളത്തിലേക്ക് തിരിച്ചയക്കണമെന്ന് കാണിച്ച് തിങ്കളാഴ്‌ച ഇവരുടെ വിവരങ്ങൾ സഹിതം കത്ത് നൽകിയിട്ടുണ്ട്. മൂന്നു പേരും ലുഫാൻസ്‌കിലെ സൈനിക ക്യാമ്പിലാണുള്ളത്. ഇവരും സന്ദീപിനെ പോലെ റഷ്യയിലെത്തി അവിടുത്തെ പൗരത്വം സ്വീകരിച്ച് സൈന്യത്തിൽ ചേർന്നവരാണ്. ഇവർ റഷ്യയിലെത്തി ഒരു മാസത്തോളം സന്ദീപിനൊപ്പമായിരുന്നു. സന്ദീപ് മരിച്ചതിനു ശേഷം റെനിൻ വീട്ടിൽ വിളിച്ചിരുന്നുവെന്ന് കുടുംബം പറഞ്ഞു. പ്രശ്‌നങ്ങളൊന്നുമില്ല സുരക്ഷിതരാണെന്നാണ് അറിയിച്ചത്. മൂന്നു പേരും സന്ദീപിനെ കൊണ്ടുപോയ ചാലക്കുടിയിലെ സ്റ്റീവ് എന്ന ഏജന്റ് വഴിയാണ് റഷ്യയിലേക്ക് പോയത്.
സന്ദീപ് ഏപ്രിൽ രണ്ടിന് പോയതിനു പിന്നാലെ ആറിനാണ് സന്തോഷ്, റെനിൻ എന്നിവർ പോയത്. സിബി അതിനുശേഷവും. ഭക്ഷണശാലയിൽ ജോലിയെന്നാണ് വീടുകളിൽ അറിയിച്ചിരുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..