തൃശൂർ
ജൂലൈ അവസാനം രണ്ട് ദിവസങ്ങളിലായി ജില്ലയിൽ പെയ്‌ത അതിതീവ്രമഴയിലുണ്ടായത് കോടികളുടെ നഷ്ടം. 11,955 വീടുകളിൽ വെള്ളം കയറി. 54 വീടുകൾ പൂർണമായും 1503 എണ്ണം ഭാഗികമായും തകർന്നു. 731 കടകളിലും വെള്ളം കയറി. 248 മതിലുകൾ തകർന്നു. ഏഴ് താലൂക്കുകളിലായി 147 ക്യാമ്പുകിൽ 2984 കുടുംബങ്ങളിലെ 8391 പേരാണ് കഴിഞ്ഞത്. 9882 ഹെക്ടർ കൃഷി നശിച്ചു. 34.74 കോടി രൂപയുടെ നഷ്ടമുണ്ടായി. കൃഷി നാശത്തിന് ഇതുവരെ 7323 പേരുടെ അപേക്ഷ ലഭിച്ചു. 95 ശതമാനത്തിന്റെയും പരിശോധന പൂർത്തിയാക്കി. 4925 കോഴി, 700 കാട, 85 പന്നി, ഒമ്പത് ആട്, ആറ് കിടാരി, ഒരു പോത്ത് എന്നിവ ചത്തു. 15 തൊഴുത്തുകളും തകർന്നു. 36.39 ഹെക്ടറിൽ മത്സ്യ കൃഷി നശിച്ചതിലൂടെ ഫിഷറീസ് മേഖലയിൽ 6.73 കോടിരൂപയുടെ നഷ്ടമുണ്ടായി.
144 കിലോമീറ്റർ റോഡിന് കേടുപാടുണ്ടായി. പീച്ചി–- വാഴാനി, കേച്ചേരി–- അക്കിക്കാവ് റോഡിന് കാര്യമായ നാശനഷ്ടമുണ്ടായി. കെഎസ്‌ഇബിക്ക് 1.10 കോടി രൂപയാണ് നഷ്ടമായത്. 47 പഞ്ചായത്ത്, രണ്ട് മുനിസിപ്പാലിറ്റി, തൃശൂർ കോർപറേഷൻ എന്നിവിടങ്ങളിലായി 33 കുടിവെള്ള വിതരണ പദ്ധതികളെ ബാധിച്ചു.
വീടുകൾ, കെട്ടിടങ്ങൾ തുടങ്ങിയവയ്‌ക്കുണ്ടായ നാശനഷ്ടത്തിൽ തദ്ദേശവകുപ്പിലെ എൻജിനിയറിങ് വിഭാഗത്തിന്റെ വിലയിരുത്തൽ നടപടി അവസാന ഘട്ടത്തിലാണ്. കൃഷി, മൃഗസംരക്ഷണം, ഫിഷറീസ് തുടങ്ങിയ വകുപ്പുകളുടെ കണക്കെടുപ്പ് ഏകദേശം പൂർത്തിയായി. മറ്റു വിഭാഗങ്ങളുടെ കണക്കെടുപ്പ് 31നകം പൂർത്തിയാക്കും. അവലോകന യോഗത്തിൽ മന്ത്രിമാരായ കെ രാജൻ, ആർ ബിന്ദു, കലക്ടർ അർജുൻ പാണ്ഡ്യൻ, എഡിഎം ടി മുരളി, സബ് കലക്ടർ മുഹമ്മദ് ഷഫീക്ക് എന്നിവർ പങ്കെടുത്തു. ബുധനാഴ്‌ച മന്ത്രിമാരുടെ നേതൃത്വത്തിൽ വീണ്ടും യോഗം ചേരും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..