തൃശൂർ
ജില്ലയിൽ വിവിധ പരിപാടികളോടെ ശ്രീനാരായണ ഗുരുജയന്തി ആഘോഷിച്ചു. വിവിധ പ്രദേശങ്ങളിൽ ഘോഷയാത്രകൾ നടന്നു. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ആഘോഷങ്ങൾ ഒഴിവാക്കിയായിരുന്നു ജയന്തിയാഘോഷം. എസ്എൻഡിപി യോഗം തൃശൂർ യൂണിയന്റെ നേതൃത്വത്തിൽ നഗരത്തിൽ ശ്രീനാരായണ ജയന്തി ഘോഷയാത്ര നടന്നു. സ്വരാജ് റൗണ്ട് ചുറ്റി തെക്കേ ഗോപുര നടയിലെ സമ്മേളനനഗരിയിൽ ഘോഷയാത്ര സമാപിച്ചു. തുടർന്ന് നടന്ന ജയന്തി സമ്മേളനം യോഗം അസി. സെക്രട്ടറി കെ വി സദാനന്ദൻ ഉദ്ഘാടനം ചെയ്തു. തൃശൂർ യൂണിയൻ പ്രസിഡന്റ് ഐ ജി പ്രസന്നൻ അധ്യക്ഷനായി. എസ്എൻഡിപി യോഗം അസി. സെക്രട്ടറി അഡ്വ. രാജൻ മഞ്ചേരി, കേന്ദ്ര വനിതാ സംഘം സെക്രട്ടറി അഡ്വ. സംഗീത വിശ്വനാഥൻ, എസ്എൻഡിപി ഡയറക്ടർ ബോർഡ് അംഗം എൻ വി രഞ്ജിത്ത്, യൂണിയൻ സെക്രട്ടറി കെ വി വിജയൻ, വൈസ് പ്രസിഡന്റ് ടി ആർ രഞ്ജു എന്നിവർ സംസാരിച്ചു. ആഘോഷങ്ങൾ മാറ്റിവച്ചതിലൂടെ ലഭിച്ച തുകയും തൃശൂർ യൂണിയൻ സമാഹരിക്കുന്ന തുകയും ചേർത്ത് വയനാട് ദുരിതാശ്വാസനിധിയിലേക്ക് നൽകും.
നാട്ടിക യൂണിയന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഘോഷയാത്ര നാട്ടിക ശ്രീനാരായണ ഗുരുദേവ മണ്ഡപത്തിൽ സമാപിച്ചു. യൂണിയൻ പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ തഷ്ണാത്ത്, സെക്രട്ടറി മോഹനൻ കണ്ണമ്പുള്ളി, എന്നിവർ സംസാരിച്ചു.എസ്എൻഡിപി കൊടുങ്ങല്ലൂർ യൂണിയന്റെ നേതൃത്വത്തിൽ ശ്രീനാരായണഗുരുദേവ ജയന്തി ആഘോഷിച്ചു. പൊതുസമ്മേളനം മന്ത്രി ആർ ബിന്ദു ഉദ്ഘാടനം ചെയ്തു. യൂണിയൻ ചെയർമാൻ പി കെ രവീന്ദ്രൻ അധ്യക്ഷനായി.
മറ്റത്തൂർ പഞ്ചായത്തിലെ നൂലുവള്ളി കിഴക്കും മുറി, നൂലുവള്ളി പടിഞ്ഞാട്ടുംമുറി, ചെമ്പൂച്ചിറ, കൊരേച്ചാൽ വെസ്റ്റ്, കൊരേച്ചാൽ ഈസ്റ്റ്, ചെട്ടിച്ചാൽ എസ്എൻഡിപി ശാഖകളുടെ ആഭിമുഖ്യത്തിൽ ശ്രീ നാരായണ ഗുരു ജയന്തി ആഘോഷിച്ചു. കൊടകര യൂണിയൻ സെക്രട്ടറി കെ ആർ ദിനേശൻ ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട വിശ്വനാഥപുരം ക്ഷേത്രത്തിലെ ഗുരുദേവ മന്ദിരത്തിൽ സമാജം പ്രസിഡന്റ് കിഷോർ പതാകയർത്തി. പകൽ നാലിന് എസ്എൻബിഎസ് സമാജം, എസ്എൻഡിപി യോഗം മുകുന്ദപുരം, ഇരിങ്ങാലക്കുട മേഖല, എസ്എൻവൈഎസ് സംഘടനകളുടെ നേതൃത്വത്തിൽ ഘോഷയാത്ര സംഘടിപ്പിച്ചു. പൊതുസമ്മേളനം നഗരസഭ ചെയർപേഴ്സൺ സുജ സഞ്ജീവ്കുമാർ ഉദ്ഘാടനം ചെയ്തു
എടക്കുളം ശ്രീനാരായണ ഗുരു സ്മാരകസംഘത്തിന്റെ ആഭിമുഖ്യത്തിൽ ഘോഷയാത്രയും സാംസ്കാരിക സമ്മേളനവും നടത്തി. രക്ഷാധികാരി കെ വി ജിന രാജ ദാസൻ പതാക ഉയർത്തി. സമ്മേളനം മന്ത്രി ആർ ബിന്ദു ഉദ്ഘാടനം ചെയ്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..