ഏങ്ങണ്ടിയൂർ
കേരള ചരിത്രവുമായി ബന്ധപ്പെട്ട നിരവധി പുസ്‌തകങ്ങളുടെ രചയിതാവായ വേലായുധൻ പണിക്കശ്ശേരി തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത് ലൈബ്രേറിയനായി. വായനശാലകളിൽനിന്ന് തുടങ്ങിയ വിപുലമായ വായനയാണ് അദ്ദേഹത്തെ രാജ്യം അറിയുന്ന ചരിത്രകാരനാക്കിയത്.
1934 ലാണ് മലബാർ ലോക്കൽ ലൈബ്രറി അതോറിറ്റിക്ക് കീഴിലുള്ള ഏങ്ങണ്ടിയൂർ സി കൃഷ്ണവിലാസം ഗ്രന്ഥശാലയിൽ ലൈബ്രേറിയനായി ജോലിയിൽ പ്രവേശിച്ചത്. 1991 ൽ വിരമിച്ചു. ചരിത്രഗവേഷണം, ജീവചരിത്രം, തൂലികാചിത്രം, ബാലസാഹിത്യം, ഫോക്‌ലോർ, ആരോഗ്യം വിഭാഗങ്ങളിലായി നൂറോളം ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. ഗവേഷണത്തിന് കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ ഫെലോഷിപ്പും സമഗ്രസംഭാവനയ്ക്ക് കേരളസാഹിത്യ അക്കാദമിയുടെ അവാർഡ്, വി എസ് കേരളീയൻ ട്രസ്റ്റ് അവാർഡ്, പി എ സെയ്ദ് മുഹമ്മദ് സ്മാരക അവാർഡ്, എൻ കെ ഫൗണ്ടേഷൻ അവാർഡ്, ചരിത്രപഠന കേന്ദ്രം അവാർഡ് തുടങ്ങിയവയും ലഭിച്ചിട്ടുണ്ട്. കേരള-, കലിക്കറ്റ്-, മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റികളിൽ പത്തോളം പുസ്തകങ്ങൾ പാഠപുസ്തകങ്ങളായി അംഗീകരിച്ചിരുന്നു. ചില പുസ്തകങ്ങൾ ഹിന്ദിയിലേക്കും തമിഴിലേക്കും ഇംഗ്ലീഷിലേക്കും വിവർത്തനം ചെയ്തിട്ടുണ്ട്. ആർക്കിയോളജി സ്റ്റേറ്റ് അഡ്‌വൈസറി ബോർഡിൽ അംഗമായിരുന്നു. വിവിധ സാംസ്‌കാരിക സംഘടനകളുടെ നേതൃത്വം വഹിച്ച അദ്ദേഹം‘താളിയോല' എന്ന മാസിക പ്രസിദ്ധപ്പെടുത്തിയിരുന്നു.
കേരളചരിത്രം –-കേരള സംസ്ഥാന രൂപീകരണം വരെ, പോർച്ചുഗീസ് ഡച്ച് ആധിപത്യം കേരളത്തിൽ, ഇബ്‌നുബത്തൂത്ത കണ്ട കേരളം, സഞ്ചാരികൾ കണ്ട കേരളം, പ്രാചീന കേരളത്തിന്റെ വാണിജ്യ ബന്ധങ്ങൾ, ക്ലിയോപാട്ര മലയാളിപ്പെണ്ണാണ്, കേരളം 600 കൊല്ലം മുമ്പ്, കേരളചരിത്രം തിരുത്തിക്കുറിച്ച മഹാസംഭവങ്ങൾ, ആറാട്ടുപുഴ വേലായുധപ്പണിക്കർ, അയ്യങ്കാളി മുതൽ വി ടി വരെ, ഡോ. പൽപ്പു, കേരളോൽപ്പത്തി, നളന്ദ, തക്ഷശില, കേരളചരിത്ര പഠനങ്ങൾ, മാർക്കോപോളോ ഇന്ത്യയിൽ, സംസ്‌കാരങ്ങളും സാമ്രാജ്യങ്ങളും കാലഘട്ടങ്ങളിലൂടെ, കേരളത്തിൽ രാജവംശങ്ങൾ, കേരളചരിത്രം, ലോകചരിത്രം കൈക്കുമ്പിളിൽ, അണയാത്ത ദീപങ്ങൾ തുടങ്ങിയവയാണ് പ്രധാനകൃതികൾ.
സിപിഐ എം ജില്ലാ സെക്രട്ടറി എം എം വർഗീസ്, എൽഡിഎഫ് ജില്ലാ കൺവീനർ കെ വി അബ്ദുൾഖാദർ, എൻ കെ അക്‌ബർ എംഎൽഎ, കവി ഡോ. സി രാവുണ്ണി, പുരോഗമന കലാസാഹിത്യസംഘം ജില്ലാ പ്രസിഡന്റ് വി ഡി പ്രേംപ്രസാദ് എന്നിവർ അന്ത്യോപചാരമർപ്പിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..