തിരുവില്വാമല
കുടുംബശ്രീ അംഗങ്ങൾക്ക് നൽകിയ വായ്പാതിരിച്ചടവ് തുക ഭാരവാഹികൾ എടുത്തുമാറ്റിയതിനെ തുടര്‍ന്ന് 13 വനിതകൾക്ക് അധിക ബാധ്യത. തിരുവില്വാമല എരവത്തൊടിയിലെ ശ്രീഹരി കുടുംബശ്രീയിലെ അംഗങ്ങൾക്കാണ് ലക്ഷങ്ങളുടെ വായ്പ അടവ് ബാധ്യതയായത്. ഒരു ലോൺ രണ്ടുതവണ അടയ്‌ക്കേണ്ട അവസ്ഥയാണിപ്പോള്‍.
തിരുവില്വാമല സർവീസ് സഹകരണ ബാങ്കിൽ നിന്ന് മൂന്ന് വർഷം മുമ്പ് അഞ്ചുലക്ഷം രൂപ ലിങ്കേജ് വായ്പയെടുത്തിരുന്നു. അഞ്ചുവർഷത്തെ തിരിച്ചടവ് കാലാവധിയാണ് ബാങ്ക് നൽകിയത്. 15 അംഗങ്ങളിൽ 13 പേർ ലോൺ തുക കൈപ്പറ്റി. ബാക്കിയുള്ള ഓരോരുത്തരുടെയും തുക ഭാരവാഹികളും അംഗങ്ങളും വീതിച്ചെടുത്തു. അതിനിടെ കൊറോണ ലോണായി ഒരുലക്ഷവും എടുത്തു.
ഭാരവാഹികളായ പ്രസിഡന്റും സെക്രട്ടറിയും എല്ലാ മാസവും അംഗങ്ങളിൽനിന്ന് രണ്ടിന്റെയും പ്രതിമാസ തിരിച്ചടവ് തുകയായ 1500 രൂപ ഈടാക്കിയിരുന്നു.
പണം ബാങ്കില്‍ അടച്ചതായി പറഞ്ഞ് മറ്റേതോ പാസ് ബുക്ക് കാണിക്കുകയും ചെയ്തു.
എന്നാല്‍, മൂന്ന് വര്‍ഷത്തെ അടവ് പൂര്‍ത്തിയായി ബാങ്കിൽ ചെന്ന് അംഗങ്ങൾ പുതിയ ലോണിനായി അന്വേഷിച്ചപ്പോഴാണ് നിജസ്ഥിതി മനസ്സിലായത്. അഞ്ച് ലക്ഷം ലിങ്കേജ് വായ്പയുടെ തിരിച്ചടവ് ഇപ്പോൾ പലിശയുൾപ്പെടെ ആറുലക്ഷം കവിഞ്ഞിട്ടുണ്ട്. വായ്പാതിരിച്ചടവ് തുകയിലുണ്ടായ ബാധ്യതക്കെതിരെ കുടുംബശ്രീയംഗങ്ങള്‍ പഴയന്നൂർ പൊലീസില്‍ പരാതി നൽകി. കുടുംബശ്രീ ജില്ലാ മിഷനിൽ പരാതി കൊടുക്കുമെന്നും അംഗങ്ങള്‍ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..