26 December Thursday
ചേരിപ്പോര്‌ പരസ്യമായി

തൃശൂർ അർബൻ സഹ. ബാങ്കിൽ കോൺഗ്രസിന്‌ 2 പാനൽ

വെബ് ഡെസ്‌ക്‌Updated: Saturday Oct 21, 2023
തൃശൂർ
കോൺഗ്രസിലെ ചേരിപ്പോരുമൂലം തൃശൂർ അർബൻ കോ–- ഓപ്പറേറ്റീവ്‌ ബാങ്ക്‌ ഭരണസമിതി തെരഞ്ഞെടുപ്പിൽ രണ്ട്‌ പാനൽ. ഇരു വിഭാഗവും തമ്മിൽ പോരുമുറുകുമ്പോഴും  ഡിസിസി നേതൃത്വം നോക്കുകുത്തിയാവുകയാണ്‌.   കോൺഗ്രസ്‌ നേതൃത്വത്തിലുള്ള നിലവിലെ  ഭരണസമിതി നാലു തവണ പൂർത്തിയാക്കി. മൂന്നു തവണ കഴിഞ്ഞവർ മത്സര രംഗത്തുനിന്ന്‌ മാറി നിൽക്കണമെന്നാണ്‌ കെപിസിസി നിർദേശം . എന്നാൽ,   മാറാൻ തയ്യാറായില്ല. ജില്ലാ കോൺഗ്രസ്‌ നേതൃത്വത്തിന്‌ ഇവരെ മാറ്റാനും കഴിഞ്ഞില്ല. ഇതോടെയാണ്‌  കോൺഗ്രസിലെ ഇരുവിഭാഗവും  ചേരിതിരിഞ്ഞ്‌ മത്സര രംഗത്തിറങ്ങിയത്‌. ഇരുപക്ഷത്തും കോൺഗ്രസിലെ മുതിർന്ന നേതാക്കളും മത്സരിക്കുന്നു. 
ശക്തി തെളിയിച്ച്‌ ജയിച്ചു വരുന്നവരെ കൂടെ നിർത്താനുള്ള കുതന്ത്രമാണ്‌ കോൺഗ്രസ്‌ ജില്ലാ നേതൃത്വത്തിന്റേത്‌.  20 വർഷമായി  പോൾസൺ ആലപ്പാട്ട്‌ ചെയർമാനും  ഡിസിസി  വൈസ്‌ പ്രസിഡന്റ്‌ ഐ പി പോൾ ഉൾപ്പെടെയുള്ളവർ  ഭരണസമിതി അംഗങ്ങളുമായ കോൺഗ്രസ്‌ പാനലാണ്‌ തുടരുന്നത്‌. ഇവരെ മാറ്റാത്തതിൽ   പ്രതിഷേധിച്ചാണ്‌ ബദൽ പാനൽ രംഗത്തെത്തിയത്‌.  കോൺഗ്രസ്‌ അയ്യന്തോൾ ബ്ലോക്ക്‌ ജനറൽ സെക്രട്ടറി കെ രമേഷ്‌ കൃഷ്‌ണൻ, തൃശൂർ ഈസ്‌റ്റ്‌ മണ്ഡലം വൈസ്‌ പ്രസിഡന്റ്‌ രവീന്ദ്രനാഥ്‌ കാക്കനാട്ട്‌ എന്നിവരുടെ നേതൃത്വത്തിലാണ്‌ സഹകരണ സംരക്ഷണ മുന്നണിയെന്ന ബദൽ പാനൽ.  
നിലവിലെ ഭരണ സമിതിയുടെ കെടുകാര്യസ്ഥതമൂലം ബാങ്ക്‌ നഷ്‌ടത്തിലായതായാണ്‌  കോൺഗ്രസിലെ എതിർ പാനലായ സഹകരണ സംരക്ഷണ മുന്നണി പ്രധാനമായും ഉന്നയിക്കുന്ന ആരോപണം. 2022–-23 വർഷത്തിൽ 2.60 കോടി രൂപ നഷ്ടത്തിലാണ്‌.  സംഘം അംഗങ്ങൾക്ക്‌  മരണഫണ്ട്‌പോലും വിതരണം ചെയ്യുന്നില്ല. റിസർവ്‌ ബാങ്ക്‌ നിർദേശപ്രകാരം നിയമിതനായ ചീഫ്‌ എക്‌സിക്യുട്ടീവ്‌ ഓഫീസർ രാജിവയ്‌ക്കാനിടയായതും ഭരണസമിതിയുടെ വഴിവിട്ട ഇടപെടൽമൂലമാണെന്നും ആരോപണമുണ്ട്‌. സഹകരണ സംരക്ഷണ മുന്നണിയുടെ തെരഞ്ഞെടുപ്പ്‌ കൺവൻഷൻ  ഉദ്‌ഘാടനം ചെയ്‌തത്‌ കെപിസിസി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്താണ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top