ചേലക്കര
ജനങ്ങൾക്കിടയിൽ പുതിയ ഊർജം നിറച്ച് എൽഡിഎഫ് സ്ഥാനാർഥി യു ആർ പ്രദീപിന്റെ പര്യടനം. അവധി ദിനമായ ഞായറാഴ്ച തിരക്കിട്ട പരിപാടികളായിരുന്നു. വികെഎന്നിന്റെ വീട്ടിൽ നിന്ന് തുടക്കമിട്ട പ്രചാരണം പാമ്പാടി, മലാറ, കൊല്ലാക്കൽ എന്നിവിടങ്ങളിലൂടെ നെയ്ത്തുഗ്രാമവും കൈത്തറിയുടെ ഈറ്റില്ലവുമായ കുത്താമ്പുള്ളിയിലെത്തി. രക്തഹാരമണിയിച്ചും ഷാളണിയിച്ചുമാണ് പഴയകാല നെയ്ത്തുകാരും പാർടി പ്രവർത്തകരും സ്വീകരിച്ചത്. പ്രദീപ് കൊണ്ട് വന്ന വികസനത്തിന്റെ ഓർമ പുതുക്കി കൊണ്ടാഴി–- കുത്താമ്പുള്ളി പാലം പണി അതിവേഗത്തിൽ പൂർത്തിയായിക്കൊണ്ടിയിരിക്കുകയാണ്. ഓരോ കേന്ദ്രത്തിലുമെത്തേണ്ട സമയം വൈകിയിട്ടും ജനം കാത്തുനിൽപ്പുണ്ടായിരുന്നു. സമൂഹത്തിലെ പ്രമുഖരുടെ വീടുകളിലെത്തി വോട്ട് ഉറപ്പാക്കാനും സമയം കണ്ടെത്തി. രമേഷ് കോരപ്പത്ത്, ഗോപകുമാർ പല്ലക്കാട്ട് എന്നിവരുടെ വീടുകൾ സന്ദർശിച്ചു. തുടർന്ന് പൂളക്കപ്പറമ്പ്, ജിഎൽപി സ്‌കൂൾ പരിസരം, പട്ടിപ്പറമ്പ് എന്നിവിടങ്ങളിൽ സ്വീകരണം. പൂളക്കമ്പറമ്പിൽ 73കാരിയായ ലക്ഷ്മി ഒരുകൂട നിറയെ പൂക്കൾ നൽകിയാണ് വരവേറ്റത്. വടക്കേത്തറ ബാലസ്വാമി, ചക്കിങ്ങൽ കൃഷ്ണനുണ്ണി എന്നിവരുടെ വീടുകൾ സന്ദർശിച്ചു. ശേഷം കോടത്തൂർ ആലിൻചുവട്ടിൽ കാത്തുനിൽക്കുന്ന പ്രിയപ്പെട്ടവരുടെ അരികിലേയ്ക്ക്. വൈകിട്ട് ആറോടെ മലയോര ഗ്രാമമായ എളനാടിന്റെ സ്‌നേഹം ഏറ്റുവാങ്ങി പര്യടനം അവസാനിച്ചു. സിപിഐ എം ജില്ലാ കമ്മിറ്റിയംഗം പി എ ബാബു, ചേലക്കര ഏരിയ സെക്രട്ടറി കെ നന്ദകുമാർ, ഏരിയ കമ്മിറ്റി അംഗങ്ങളായ കെ പി ഉമാശങ്കർ, ഇ എന്‍ വാസുദേവന്‍, ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരായ കെ ആർ മനോജ്കുമാർ, എസ് ദിലീപ്, ശോഭന രാജൻ, കെ സി ജോർജ്, സിപിഐ ലോക്കൽ സെക്രട്ടറി കെ ആർ സത്യൻ, ദീപ എസ് നായർ, കെ എസ് സുകുമാരൻ, ലിജിൻ ഫ്രാൻസിസ് എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സ്ഥാനാർഥിയെ അനുഗമിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..