23 December Monday

ആരോഗ്യ വകുപ്പ്‌ പരിശോധന: 
134 സ്ഥാപനങ്ങൾക്ക് നോട്ടീസ്‌

സ്വന്തം ലേഖകൻUpdated: Thursday Nov 21, 2024
തൃശൂർ
ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ ആരോഗ്യ വകുപ്പ്‌ നേതൃത്വത്തിൽ വ്യാപക പരിശോധന. 
പഞ്ചായത്തുകൾ, മുനിസിപ്പാലിറ്റികൾ, കോർപറേഷൻ എന്നിവിടങ്ങളിൽ 1220 സ്ഥാപനങ്ങളിലായി നടത്തിയ പരിശോധനയിൽ വ്യാപകമായ പൊതുജനാരോഗ്യ പ്രശ്നങ്ങൾ കണ്ടെത്തി.
 ഹോട്ടൽ, ജൂസ്‌ പാർലർ, കാറ്ററിങ്‌ സ്ഥാപനം,  ബേക്കറി തുടങ്ങിയവ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. വൃത്തിഹീനമായ സാഹചര്യത്തിൽ നിയമവിരുദ്ധമായി പ്രവർത്തിച്ച അഞ്ച്‌ സ്ഥാപനങ്ങൾ താൽക്കാലികമായി അടപ്പിച്ചു. സിനാൻ ഫ്രൂട്ട്‌സ്‌ ആൻഡ്‌ കൂൾ ബാർ മൂന്നുപീടിക, ബെസ്റ്റ്‌ ഹോട്ടൽ പേ ബസാർ, മച്ചാൻസ്‌ ഹോട്ടൽ കാര, ഗുരുവായൂർ ദേവസ്വം എംപ്ലോയീസ് സഹകരണസംഘം ഹോട്ടൽ പൂക്കോട്, പാലയൂർ ബേക്കറി ആൻഡ് കൂൾ ബാർ കോട്ടപ്പടി, ഗുരുവായൂർ എന്നീ സ്ഥാപനങ്ങളാണ്‌ അടപ്പിച്ചത്‌. 134 സ്ഥാപനങ്ങൾക്ക് ന്യൂനതകൾ പരിഹരിക്കുന്നതിന്‌ നോട്ടീസ് നൽകി. 
പുകയില നിയന്ത്രണ നിയമ പ്രകാരം പൊതുസ്ഥലങ്ങളിൽ പുകവലിച്ചവരിൽ നിന്നും നിയമപ്രകാരമുള്ള ബോർഡുകൾ സ്ഥാപിക്കാത്ത സ്ഥാപനങ്ങളിൽ നിന്നുമായി 13,800 രൂപ പിഴയായി ഈടാക്കി. പഞ്ചായത്തീരാജ് ആക്ട് ഹരിത നിയമപ്രകാരം നിയമലംഘനം കണ്ടെത്തിയ സ്ഥാപനങ്ങളിൽ നിന്ന് 87,750 രൂപ പിഴ ചുമത്തി. അതിഥിത്തൊഴിലാളികൾ താമസിക്കുന്ന 51 സ്ഥലങ്ങളിൽ പരിശോധന നടത്തി.
 13 സ്ഥലങ്ങളിൽ ന്യൂനതകൾ പരിഹരിക്കുന്നതിന്‌ നോട്ടീസ് നൽകി. സംസ്ഥാനത്ത് പല ജില്ലകളിലും മഞ്ഞപ്പിത്തം പടരുന്നതിനാൽ തുടർന്നും പരിശോധനകൾ കർശനമാക്കുമെന്ന് അധികൃതർ അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top