21 November Thursday
വാറന്റി കാലയളവില്‍ സർവീസ് ചാർജ്‌ ഈടാക്കി

സ്ഥാപന ഉടമയ്‌ക്കും സർവീസ് സെ‍ന്ററിനുമെതിരെ നടപടി

വെബ് ഡെസ്‌ക്‌Updated: Thursday Nov 21, 2024
തൃശൂർ
വാറന്റി കാലയളവിൽ സർവീസ് ചാർജ്‌ ഈടാക്കിയതിനും സേവനങ്ങൾ നൽകുന്നതിൽ വീഴ്ച വരുത്തിയതിനും ലാപ്ടോപ്പ് വ്യാപാരിയേയും സർവീസ് സെ‍ന്ററിനേയും തൃശൂർ ജില്ലാ ഉപഭോക്തൃ കോടതി ശിക്ഷിച്ചു. തൃശൂർ എച്ച്പി വേൾഡ് ഫിയോണിക്സ് സിസ്റ്റംസ് നടത്തുന്ന ലാപ്ടോപ്പ് വ്യാപാരിക്കും ലാപ്ടോപ്പ് ക്ലിനിക്ക് എന്ന സേവന ദാതാവിനും എതിരെയാണ് വിധി. ഉപഭോക്താവിൽ നിന്ന്‌ സർവീസ് ചാർജ്‌ ഇനത്തിൽ ഈടാക്കിയ 850 രൂപ തിരികെ നൽകാനും 20,000 രൂപ നഷ്ടപരിഹാരമായും 7,500രൂപ വ്യവഹാരച്ചെലവിലേക്കും ഒമ്പത്‌ ശതമാനം വാർഷിക പലിശ സഹിതം ഉപഭോക്താവിന് നൽകാനുമാണ്‌ വിധി. 
നിയമ വിദ്യാർഥിനിയിൽ നിന്ന്‌ വാറണ്ടി കാലയളവിൽ ഉടലെടുത്ത കേടുപാട് പരിഹരിച്ച് നൽകാൻ സർവീസ് ചാർജ്‌ ഈടാക്കിയതിനും സർവീസ് സെ‍‍ന്ററിന്റെ  സേവനം ഉപഭോക്താവിന് ലഭ്യമാക്കുന്നതിൽ അലംഭാവം കാണിച്ചതിനുമാണ്‌ നടപടി. വാറണ്ടി കാലയളവിൽ പരാതി ഫോൺ മുഖേനയും ഇ മെയിൽ മുഖേനയും പരാതിക്കാരിയായ ഷൊർണൂർ സ്വദേശിനി വി ഐ ആൻമേരി കമ്പനിയെ അറിയിച്ചിരുന്നു. കോവിഡ് നിയന്ത്രണങ്ങൾ ഉണ്ടായിരുന്നതിനാൽ അവർക്ക് ലാപ്ടോപ്പ് വാറണ്ടി കാലയളവിൽ സർവീസ് സെ‍‍ന്ററിൽ എത്തിക്കാൻ കഴിഞ്ഞിരുന്നില്ല. വാറണ്ടി കാലയളവിൽ കേട്പാടുകൾ റിപ്പോർട്ട് ചെയ്തിരുന്നുവെന്ന വസ്തുത കണക്കിലെടുക്കാതെയാണ്‌ ഉപഭോക്താവിൽ നിന്ന്‌ സർവീസ് ചാർജ് ഈടാക്കിയത്. ഉപഭോക്തൃ കോടതി  പ്രസിഡന്റ്‌ സി ടി സാബു, അംഗങ്ങളായ ആർ റാം മോഹൻ, എസ്‌ ശ്രീജ എന്നിവരടങ്ങുന്ന ഉപഭോക്തൃ തർക്ക പരിഹാര കമീഷൻ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top