തൃശൂർ
കേന്ദ്ര സായുധ പൊലീസ് സേന (സിഎപിഎഫ്)യിൽനിന്ന് വിരമിച്ചവർക്ക് ഇൻഷുറൻസ് പരിരക്ഷ നിഷേധിച്ച് കേന്ദ്ര സർക്കാർ. ഇവരുടെ ചികിത്സയ്‌ക്കായി ജില്ലയിൽ സെൻട്രൽ ഗവ. ഹെൽത്ത് വെൽനെസ് സെന്റർ (സിജിഎച്ച്‌എസ്) സ്ഥാപിക്കാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം തയ്യാറായിട്ടില്ല. ചികിത്സ ഉറപ്പാക്കാനായി ജില്ലയിൽ എംപാനൽ ചെയ്‌ത ആശുപത്രികൾ അനുവദിക്കണമെന്ന ആവശ്യവും ഇതുവരെ പരിഗണിച്ചിട്ടില്ല.
സേനയിൽനിന്ന് വിരമിക്കുന്നവർ അവരുടെ റാങ്ക് അനുസരിച്ച് ഒറ്റ ഗഡുവായി വലിയ സംഖ്യ അടച്ചാണ് സിജിഎച്ച്‌എസ് സേവനത്തിന് അർഹത നേടുന്നത്. ലെവൽ ഒന്ന് മുതൽ അഞ്ച് വരെയുള്ളവർ 30,000 രൂപയും അഞ്ച് മുതൽ- എട്ട് വരെയുള്ളവർ 54,000 രൂപയും എട്ടിന് മുകളിലുള്ളവർ 75,000 രൂപയുമാണ് അടയ്‌ക്കുന്നത്.
ആരോഗ്യ പരിരക്ഷ ലഭിക്കാനായി ജില്ലയിൽ തുക അടച്ച നൂറുകണക്കിന് പേർ പ്രതിസന്ധിയിലാണ്. പദ്ധതിയിൽ ഭാഗമാക്കുന്നതോടെ പെൻഷനൊപ്പം പ്രതിമാസം ആരോഗ്യ ചെലവിനായി അനുവദിക്കുന്ന 1000 രൂപ നഷ്ടമാകുകയും ചെയ്യും. ബിഎസ്എഫ്, ഐടിബിപി, എൻഎസ്ജി, സിഐഎസ്എഫ്, സിആർപിഎഫ്, എസ്എസ്ബി എന്നീ ആറ് സേനാ വിഭാഗങ്ങളിൽ നിന്ന് വിരമിച്ചവർക്കാണ് ആനുകൂല്യം ലഭിക്കാത്തത്.
ഈ സേനകളിൽ നിലവിൽ ജോലി ചെയ്യുന്നവരുടെ കുടുംബാംഗങ്ങൾക്ക് ആയുഷ് മാൻ ഭാരത് പദ്ധതി പ്രകാരം ലഭിക്കേണ്ട ചികിത്സയും ജില്ലയിൽ എംപാനൽ ആശുപത്രികൾ ഇല്ല എന്നതിനാൽ കിട്ടുന്നില്ല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..