21 November Thursday

സംഗീതമേ 
ജീവിതം

പി വി ബിമൽകുമാർUpdated: Thursday Nov 21, 2024

കമലാസനൻ സ്വീകരണ മുറിയിൽ

കൊടുങ്ങല്ലൂർ
സംഗീതത്തിന്റെ ഇന്നലെയെയും ഇന്നിനെയും തമ്മിൽ ബന്ധിപ്പിക്കുന്നൊരു ഇടം. സംഗീതാസ്വാദന ഉപകരണങ്ങളുടെ ചെറു മ്യൂസിയമാണ് ആ വീടകം. ജീവിത സായാഹ്നം സംഗീത മധുരത്താൽ  ആസ്വദിക്കുന്നൊരു മനുഷ്യനുമുണ്ടവിടെ. തദ്ദേശ സ്വയംഭരണ വകുപ്പിൽനിന്ന്‌ ജൂനിയർ സൂപ്രണ്ടായി വിരമിച്ച കൊടുങ്ങല്ലൂർ നാരായണമംഗലം കോഴിക്കുളങ്ങര സ്വദേശി ചാലിക്കാരൻ വീട്ടിൽ കമലാസനനാണ്‌ വീട് സംഗീത സാന്ദ്രമാക്കിത്തീർക്കുന്നത്‌. സ്വീകരണ മുറിയിൽ പതിറ്റാണ്ടുകൾ പഴക്കമുള്ള വൈന്റിങ്‌ റെക്കോഡ് പ്ലയറും, ട്രാൻസിസ്റ്റർ റേഡിയോയും തുടങ്ങി പുത്തൻ ബ്ലൂടൂത്ത് സ്പീക്കർവരെയുണ്ട്. 
ആദ്യകാലങ്ങളിൽ സിനിമാ റെക്കോഡിങ്ങിനും  ആകാശവാണി റേഡിയോ നിലയത്തിലും മറ്റും ഉപയോഗിച്ചിരുന്ന സ്പൂൾ ടേപ്പ്, ആറ് വാൽവുകളുള്ള റേഡിയോ, ഒറ്റ വാൽവുള്ള റേഡിയോ, സിഗരറ്റ് പാക്കറ്റ്‌ മാതൃകയിലെ പോക്കറ്റ് റേഡിയോ, വിവിധ തരം ടേപ്പ് റെക്കോർഡറുകൾ തുടങ്ങി നിരവധി ഉപകരണങ്ങൾ കമലാസനന്റെ ശേഖരത്തിലുണ്ട്. ഏറെ പഴക്കമുള്ള റെക്കോഡുകൾ, കാസറ്റുകൾ തുടങ്ങിയവയും ഇക്കൂട്ടത്തിൽപ്പെടും.
സംഗീതജ്ഞനായിരുന്ന അച്ഛൻ രാമനിൽ നിന്നാണ് സംഗീതാഭിരുചി പകർന്നു കിട്ടിയത്. ചെറുപ്പത്തിൽ വയലിൻ വാദനം പഠിച്ച കമലാസനൻ പിന്നീട് ജീവിതത്തിന്റെ വലിയൊരു പങ്ക് സംഗീതാസ്വാദനത്തിനായി മാറ്റി വയ്‌ക്കുകയായിരുന്നു.  കമലാസനന്റെ പക്കലുള്ള ശബ്ദോപകരണങ്ങൾ വെറും കാഴ്ചവസ്തുക്കളല്ല. ദിവസത്തിൽ ഒരു വട്ടമെങ്കിലും അവ ഓരോന്നും പ്രവർത്തിപ്പിച്ച് പാട്ട് കേൾക്കണമെന്നത് നിർബന്ധമാണ്. നൂറ്റാണ്ടുകൾ പഴക്കമുള്ള നാണയ ശേഖരവും കമലാസനന് സ്വന്തമായുണ്ട്.നല്ലൊരു കർഷകൻ കൂടിയായ ഈ എഴുപതുകാരൻ മുഴുവൻ സമയം പാട്ടാസ്വദിച്ചാണ് കൃഷിയിടത്തിൽ പണിയെടുക്കാറുള്ളത്. തനിക്കും ചെടികൾക്കും ആസ്വദിക്കാനാണ് പാട്ട് വയ്ക്കുന്നതെന്നാണ് കമലാസനന്റെ പക്ഷം. പുതിയ തലമുറയ്‌ക്ക് കേട്ടുകേൾവിപോലുമില്ലാത്ത പഴയ സംഗീതാസ്വാദന ഉപകരണങ്ങൾ കമലാസനന്റെ ശേഖരത്തിലുണ്ട്. 
 കാലാകാലങ്ങളിൽ ഇവ അറ്റകുറ്റപ്പണി നടത്തി പ്രവർത്തനക്ഷമമാക്കാൻ ആയിരക്കണക്കിന് രൂപയാണ് കമലാസനൻ ചെലവഴിക്കുന്നത്. ഭാര്യ ശാന്തകുമാരിയും കമലാസനന്റെ സംഗീത പ്രേമത്തിന് കൂട്ടായുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top