01 August Thursday
മച്ചാട് മാമാങ്കം

തട്ടകം കൈയടക്കി കുതിരകൾ

സ്വന്തം ലേഖകൻUpdated: Wednesday Feb 22, 2023

കുതിരത്തട്ടകം മച്ചാട് മാമാങ്കത്തോടനുബന്ധിച്ച് നടന്ന കുതിരവരവ് / ഫോട്ടോ: ഡിവിറ്റ്‌ പോൾ

വടക്കാഞ്ചേരി
 കുംഭച്ചൂടിനെ കുളിർമഴയാക്കി മാമാങ്ക ഭൂമിയിലേക്ക് ജനം ഒഴുകിയെത്തി.  ആചാര വൈവിധ്യങ്ങൾകൊണ്ട് സമ്പന്നമായ മച്ചാട് മാമാങ്കം ഒരിക്കൽക്കൂടി ചരിത്രമായി. ആരവങ്ങൾ മുഴക്കി  പാടശേഖരങ്ങളും തോടും മറി കടന്ന് പൊയ്ക്കുതിരകൾ ഓടിയെത്തിയത് വിസ്മയക്കാഴ്ചയായി. കുംഭക്കുടങ്ങളും നാഗസ്വരങ്ങളും അകമ്പടിയായി.
പനങ്ങാട്ടുകര, തെക്കുംകര, പുന്നം പറമ്പ് എന്നീ വിഭാഗങ്ങൾ ഊഴമിട്ട് നടത്തുന്ന മാമാങ്കത്തിന്റെ   നടത്തിപ്പുചുമതല   തെക്കുംകര വിഭാഗത്തിനാണ്. മണലിത്തറ 3 , വിരുപ്പാക്ക 2 കരുമത്ര 2 , പാർളിക്കാട് 1 , മംഗലം 1, അമ്പലക്കുതിര 2 എന്നിങ്ങനെ 11 കുതിരകളാണ് മാമാങ്കത്തിൽ കണ്ണികളായത്. കോങ്ങാട് മധുവിന്റെ പ്രാമാണികത്വത്തിൽ  പഞ്ചവാദ്യവും ചേരാനെല്ലൂർ ശങ്കരൻകുട്ടി മാരാരുടെ  പ്രാമാണികത്വത്തിൽ മേളവും ക്ഷേത്രാങ്കണത്തിൽ വാദ്യഗോപുരം തീർത്തു.
വൈകിട്ട് കുതിരകളുടെ എഴുന്നള്ളിപ്പ് നടന്നു.  മഠത്തിക്കുന്ന്, മങ്കര, മണലിത്തറ, പുന്നംപറമ്പ്, കരുമത്ര കോളനികളുടെ വേല കാവേറ്റവും നാടൻ കലാരൂപങ്ങളും ദൃശ്യവിരുന്നായി. പിന്നണി ഗായകൻ മധു ബാലകൃഷ്ണൻ നേതൃത്വം നൽകിയ ഗാനമേളയും കല്ലൂർ ഉണ്ണിക്കൃഷ്‌ണൻ അവതരിപ്പിച്ച തായമ്പകയും നടന്നു. ബുധൻ രാവിലെ 10ന് കുതിരകളി, പൂതൻ, തിറ, ഹരിജൻ വേലയും നടക്കുന്നതോടെ മാമാങ്കത്തിന് സമാപനമാകും. 22 മുതൽ 28 വരെ കൂത്തുമാടത്തിൽ തുളസി കുത്തന്നൂർ  അവതരിപ്പിക്കുന്ന തോൽപ്പാവക്കൂത്തും അരങ്ങേറും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top