18 October Friday

ബസ് സ്റ്റാൻഡ്‌ കെട്ടിടം അപകടാവസ്ഥയില്‍

വെബ് ഡെസ്‌ക്‌Updated: Monday Jul 22, 2024

ശോച്യാവസ്ഥയിലായ ചാലക്കുടി നഗരസഭാ ബസ് സ്റ്റാൻഡ്‌ കെട്ടിടം

ചാലക്കുടി

നഗരസഭാ ബസ് സ്റ്റാൻഡ്‌ കെട്ടിടം അപകടാവസ്ഥയിൽ. അറ്റകുറ്റപ്പണികൾ നടത്താത്തതാണ് കെട്ടിടം നാശത്തിന്റെ വക്കിലെത്താൻ കാരണമായത്. ദിവസങ്ങൾക്ക് മുമ്പുണ്ടായ കനത്ത കാറ്റിലും മഴയിലും ഒന്നാം നിലയിലെ പാരപ്പറ്റ് ഇടിഞ്ഞ് താഴേക്ക് വീണിരുന്നു. പാരപ്പറ്റിൽ സ്ഥാപിച്ചിരുന്ന ഷീറ്റടക്കം താഴേക്ക് വലിയ ശബ്ദത്തോടെയാണ് പതിച്ചത്. ബസ് കാത്ത്നിന്നവർ ശബ്ദം കേട്ട് ഓടിമാറിയതിനാൽ വൻ അപകടം ഒഴിവായി. 
കെട്ടിടത്തിന്റെ അകത്തും പുറത്തുമായി കോൺക്രീറ്റ് അടർന്ന് വീഴുന്നത് പതിവാണ്. യാത്രക്കാരുടെ തലയിലേക്ക് കോൺക്രീറ്റിന്റെ ഭാഗങ്ങൾ അടർന്നുവീണ് പരിക്ക് പറ്റുന്നതും സ്ഥിരം കാഴ്ചയാണ്. 
വാർക്കയുടെ പലഭാഗത്തും തുരുമ്പെടുത്ത കമ്പികൾ പുറത്തായി നിൽക്കുന്ന അവസ്ഥയുമാണ്. കോൺക്രീറ്റ് പൊളിഞ്ഞ ഭാഗങ്ങളിൽ ആൽമരങ്ങളും വളർന്നിട്ടുണ്ട്. കഴിഞ്ഞ നഗരസഭാ കൗൺസിലിന്റെ കാലത്ത് ബസ് സ്റ്റാൻഡ്‌കെട്ടിടം ടൈൽ വിരിച്ചും പെയിന്റടിച്ചും നവീകരിച്ചിരുന്നു. ചോർച്ചയില്ലാതിരിക്കാനായി ഒന്നാം നിലയിലെ ഒരു ഭാഗത്ത് ഷീറ്റുപയോഗിച്ച് മേൽക്കൂര തീർക്കുകയും ചെയ്തിരുന്നു. 
എന്നാൽ പിന്നീട് ഒരുതരത്തിലുള്ള അറ്റകുറ്റപ്പണികളും നടത്തിയിട്ടില്ല. നൂറോളം സ്ഥാപനങ്ങളാണ് മൂന്ന് നിലകളുള്ള കെട്ടിടത്തിൽ പ്രവർത്തിക്കുന്നത്. വാടക ഇനത്തിൽ വലിയ വരുമാനം  നഗരസഭയ്ക്ക് പ്രതിമാസം ഇവിടെനിന്നും ലഭിക്കുന്നുണ്ട്. എന്നിട്ടും കെട്ടിടത്തിന്റെ സംരക്ഷണത്തിനായി നഗരസഭയുടെ ഭാഗത്തുനിന്ന്‌ ഇടപെടലുകൾ ഉണ്ടാകുന്നില്ലെന്നാണ് ആക്ഷേപം. കെട്ടിടത്തിന്റെ സുരക്ഷ ഉറപ്പാക്കാനായുള്ള നടപടികൾ ഉടൻ ഉണ്ടാകണമെന്നാണ് വ്യാപാരികളുടെയും യാത്രക്കാരുടെയും ആവശ്യം.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top