22 December Sunday

ചോദ്യോം ഉത്തരവുമായി കുട്ട്യോളും കലക്ടറും

വെബ് ഡെസ്‌ക്‌Updated: Thursday Aug 22, 2024

കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യനും പാമ്പാടി ഹയര്‍സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥികളുമായി നടന്ന മുഖാമുഖത്തില്‍ നിന്ന്

തിരുവില്വാമല 
മഴക്കാലത്ത് അവധി പ്രഖ്യാപിക്കാനുള്ള മാനദണ്ഡങ്ങൾ എന്തൊക്കെ...? കലക്ടർ അർജുൻ പാണ്ഡ്യനും പാമ്പാടി ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളുമായി നടന്ന മുഖാമുഖത്തിൽ ആദ്യം ഉയർന്ന ചോദ്യമാണിത്. സുരക്ഷയ്ക്ക് പ്രാധാന്യം നൽകിയും മഴയുടെ തോതും തീവ്രതയും മുന്നറിയിപ്പ് നിലയുമെല്ലാം പരിഗണിച്ചുമാണ് തീരുമാനമെടുക്കുന്നതെന്ന മറുപടി ​ഗൗരവത്തോടെയാണ് വിദ്യാർഥികൾ മനസ്സിലാക്കിയത്. 
എന്തുകൊണ്ട് സിവിൽ സർവീസ് തെരഞ്ഞെടുത്തു? കലക്ടർ നേരിടുന്ന വെല്ലുവിളികൾ? തൃശൂരിനെക്കുറിച്ചുള്ള പ്രതീക്ഷകൾ?... തുടങ്ങി നിരവധി ചോദ്യങ്ങൾ വിദ്യാർഥികളുയർത്തി. അതിനെല്ലാം ലളിതവും വ്യക്തവുമായ ഉത്തരങ്ങൾ പറഞ്ഞ്‌ കലക്ടർ കൈയടി നേടി. 
സ്കൂളിലെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കണമെന്ന ആവശ്യമുന്നയിച്ച വിദ്യാർഥികൾ സ്വകാര്യ ബസുകൾ തങ്ങളെ കയറ്റാതെ പോകുന്നെന്ന പരാതിയും മുന്നോട്ടുവച്ചു. പാമ്പാടിയില്‍ സ്കൂളിന് സമീപത്തെ സ്റ്റോപ്പുകളില്‍ ബസുകള്‍ നിര്‍ത്താതെ പോകുന്നതിനെക്കുറിച്ച് അന്വേഷിക്കുമെന്നും പ്രശ്നം പരിഹരിക്കാമെന്നും കലക്ടര്‍ പറഞ്ഞു. 
സ്‌കൂൾ പ്രിൻസിപ്പൽ ഇൻ ചാർജ് സത്യനാരായണൻ, എക്കണോമിക്‌സ് അധ്യാപകൻ ടി വാസുദേവൻ എന്നിവർക്കൊപ്പം പ്ലസ് വൺ, പ്ലസ് ടു ക്ലാസുകളിലെ 20 വിദ്യാർഥികളാണ് കലക്ടറേറ്റിലെത്തിയത്. ഇനി മുതല്‍ ആഴ്ചയില്‍ ഓരോ സ്‌കൂളിലേയും കോളജുകളിലേയും തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികളെ ഉൾപ്പെടുത്തി കലക്ടറുമായി ആശയവിനിമയം നടത്തും. ഇതിന്റെ ആദ്യപരിപാടിയാണ് ബുധനാഴ്ച നടന്നത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top