തൃശൂർ
നാലോണനാളിലെ പുലികളിയിൽ ശനിയാഴ്‌ച നടക്കുന്ന കോര്‍പറേഷന്‍ കൗൺസിലിൽ തീരുമാനമുണ്ടാവും. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സർക്കാർ തല ഓണാഘോഷങ്ങൾ ഉപേക്ഷിച്ചിരുന്നു. തൃശൂർ നഗരത്തിൽ കോർപറേഷന്റെ നേതൃത്വത്തിൽ നാലോണനാളായ സെപ്‌തംബർ 18ന് സംഘടിപ്പിക്കുന്ന പുലികളിയും ഇതേത്തുടർന്ന് ഉപേക്ഷിച്ചു. എന്നാല്‍ ഓണത്തിനു മൂന്നുമാസം മുമ്പേ ടീമുകൾ പുലികളിക്കായുള്ള ഒരുക്കങ്ങൾ ആരംഭിച്ചിരുന്നു.
അവസാനഘട്ടത്തിൽ പുലികളി ഉപേക്ഷിച്ചാൽ വൻ ബാധ്യത ഉണ്ടാവുമെന്ന് പുലികളി സംഘങ്ങൾ പറയുന്നു. ഇതേത്തുടർന്ന് പുലികളി സംഘങ്ങൾ ജില്ലയിലെ മന്ത്രിമാരുടെയും എംഎൽഎമാരുടെയും നേതൃത്വത്തിൽ പുലികളി നടത്താനായി സർക്കാരിനെ സമീപിച്ചു. പുലികളി നടത്തുന്നതിൽ തടസ്സമില്ലെന്നും കോർപറേഷന് തീരുമാനമെടുക്കാമെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് നിലപാടെടുത്തു.
ശനിയാഴ്‌ച ചേരുന്ന കൗൺസിൽ ഇതുസംബന്ധിച്ച് തീരുമാനമെടുക്കും. പുലികളി നടത്താൻ തീരുമാനിച്ചാൽ ഫണ്ട് വിനിയോഗത്തിന് അനുമതി നൽകുമെന്ന് മന്ത്രി എം ബി രാജേഷ് അറിയിച്ചു.
വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഓണാഘോഷ പരിപാടികൾ വിപുലമായി നടത്തേണ്ടതില്ലെന്നാണ് നിലവിൽ സർക്കാർ തീരുമാനിച്ചിരിക്കുന്നത്. എന്നാൽ പുലികളി നടത്തുന്നത് സംബന്ധിച്ച് തൃശൂർ കോർപറേഷനാണ് തീരുമാനമെടുക്കേണ്ടത്. കോർപറേഷൻ പുലികളി നടത്താൻ തീരുമാനിക്കുന്ന പക്ഷം മുൻവർഷം അനുവദിച്ച തുക ഈ വർഷവും വിനിയോഗിക്കാൻ അനുമതി നൽകുമെന്ന് മന്ത്രി പറഞ്ഞു.
പങ്കെടുക്കുന്ന ഓരോ പുലികളി ടീമിനും 3,12,500 -രൂപ നൽകാൻ വയനാട് ദുരന്തത്തിനു മുമ്പ് കോർപറേഷൻ തീരുമാനിച്ചിരുന്നു. ഇത്തവണ 11 ടീമുകൾ പുലികളിക്കായി രജിസ്‌ട്രേഷൻ നടത്തിയിട്ടുണ്ട്. വിയ്യൂർ ദേശം, വിയ്യൂർ സെന്റർ, അയ്യന്തോൾ, സീതാറാം മിൽ ലെയ്‌ൻ, കാനാട്ടുകര, ശക്തൻ, ശങ്കരംകുളങ്ങര, ചക്കാമുക്ക്, പാട്ടുരായ്‌ക്കൽ, പൂങ്കുന്നം, കീരംകുളങ്ങര ടീമുകളാണ് ഇത്തവണ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..