തൃശൂർ
തൃശൂർ, ഇരിങ്ങാലക്കുട, കൊടുങ്ങലൂർ റൂട്ടിൽ വെള്ളിയാഴ്ച ആരംഭിച്ച അനിശ്ചിതകാല സ്വകാര്യ ബസ് സമരം നിർത്തിവച്ചു. ബസുടമസ്ഥ-–-തൊഴിലാളി കോഓർഡിനേഷൻ കമ്മിറ്റി നേതൃത്വത്തിലാണ് സമരം ആരംഭിച്ചത്. പൂച്ചൂണ്ണിപാടം മുതൽ ഊരകം വരെയും ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് മുതൽ പൂതംകുളം വരെയും ഉള്ള സ്ഥലങ്ങളിൽ റോഡ് പണി നടക്കുന്നതിനാൽ മുന്നറിയിപ്പില്ലാതെ ബസുകൾ വഴിതിരിച്ചു വിട്ടിരുന്നു. ഇതേതുടര്‍ന്ന് നാല് കിലോമീറ്ററുകളോളം അധികം സഞ്ചരിക്കേണ്ടി വന്നതോടെയാണ് കോഓർഡിനേഷൻ കമ്മിറ്റി സർവീസ് നിർത്തിവയ്‌ക്കൽ സമരം ആരംഭിച്ചത്. ശനിയാഴ്ച കോഓർഡിനേഷൻ ഡെപ്യൂട്ടി കലക്ടർ മുരളിയുമായി നടത്തിയ ചർച്ചയിൽ റോഡ് പണിയെ സംബന്ധിച്ച് വ്യക്തമായ തീരുമാനം ഉണ്ടാക്കുമെന്ന് നൽകിയ ഉറപ്പിലാണ് ബസ് സർവീസ് നിർത്തിവയ്‌ക്കൽ സമരം മാറ്റിവെച്ചത്.
കെ വി ഹരിദാസ് (സിഐടിയു), എം എസ് പ്രേംകുമാർ (ടിഡിപിബിഒഎ), എ സി കൃഷ്ണൻ (ബിഎംഎസ്), ഷംസുദീൻ (ഐഎൻടിയുസി), സി എം ജയാനന്ദ് (കെബിഒ), മുജീബ്റഹ്മാൻ (കെബിടിഎ), എം എം വത്സൻ (ബിഎംഎസ്), കെ കെ സേതുമാധവൻ (ടിഡിപിബിഒഎ), കെ പി സണ്ണി (സിഐടിയു) എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..