24 September Tuesday
‘എനിക്കുമുണ്ടൊരു മേല്‍വിലാസം’

231 ഭൂരഹിതർ ഇനി 
ഭൂമിയുടെ അവകാശികൾ

സ്വന്തം ലേഖകൻUpdated: Sunday Sep 22, 2024
തൃശൂർ
ഭൂരഹിതരും ഭവനരഹിതരും ഇല്ലാത്ത തൃശൂർ കോർപറേഷൻ എന്ന ലക്ഷ്യത്തിലേക്ക്‌ ഒരു ചുവടുകൂടി അടുത്തു.  ‘എനിക്കും കോർപറേഷനിൽ ഭൂമിയുണ്ട്, വീടുണ്ട്, മേൽവിലാസമുണ്ട്’  പദ്ധതിയിൽ 231 ഭൂ–-ഭവന രഹിതർക്ക് മൂന്ന്‌ സെന്റ്‌ ഭൂമി നൽകും. ഭൂമിയുടെ കൈവശാവകാശ രേഖയുടെ കൈമാറ്റം മുഖ്യമന്ത്രി പിണറായി വിജയൻ തിങ്കൾ പകൽ 12ന്‌ മാറ്റാംപുറത്ത്‌ നിർവഹിക്കുമെന്ന്‌ മേയർ എം കെ വർഗീസ്‌ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 
     കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി, മന്ത്രിമാരായ കെ രാജൻ, ആർ ബിന്ദു, പി ബാലചന്ദ്രൻ എംഎൽഎ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ്‌ വി എസ്‌ പ്രിൻസ്, കലക്ടർ അർജുൻ പാണ്ഡ്യൻ എന്നിവരും പങ്കെടുക്കും. 
           ലൈഫ് മിഷന്റെ ഭാഗമായി 2017ലും 2020ലും ഭൂ–-ഭവനരഹിതരുടെയും ഭൂമിയുള്ള ഭവന രഹിതരുടെയും പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള പട്ടിക ജാതി വിഭാഗത്തിൽപ്പെട്ട 131 പേർക്ക്‌ പട്ടിക ജാതി വകുപ്പ് മുഖേന ഭൂമി വാങ്ങാൻ  ധനസഹായം നൽകിയിരുന്നു. 2017ൽ പ്രസിദ്ധീകരിച്ച ഭൂ–-ഭവനരഹിത പട്ടികയിലെ 600 ഗുണഭോക്താക്കളിൽ പട്ടികജാതി ഒഴികെയുള്ള 231 ഗുണഭോക്താക്കൾക്കാണ്‌  കോർപറേഷൻ ഭൂ–-ഭവനരഹിതരുടെ പുനരധിവാസത്തിനായി വാങ്ങിയ മാടക്കത്തറ പഞ്ചായത്തിലെ മാറ്റാംപുറത്തുള്ള 16.50 ഏക്കർ സ്ഥലത്തുനിന്ന്‌ മൂന്നു സെന്റ്‌ വീതം  നൽകുന്നത്‌. 2020ലെ ലൈഫ്  പട്ടികയിൽ  1717 പേരാണ്‌ ഭൂ–-ഭവനരഹിതരായുള്ളത്‌.
        കോർപറേഷനിലെ ഭൂമിയുള്ള ഭവനരഹിതർക്കായി നടപ്പാക്കുന്ന പിഎംഎവൈ അർബൻ ലൈഫ് ഭവന പദ്ധതിയിൽ 2403 ഗുണഭോക്താക്കളാണ് ഉണ്ടായിരുന്നത്. 1860 പേരുടെ ഭവന നിർമാണം പൂർത്തിയായി. ബാക്കിയുള്ള 543 പേരുടെ വീട്‌ നിർമാണം നടക്കുന്നു.
 ഭൂമി ലഭിച്ചവർക്ക്‌ പദ്ധതി ആനുകൂല്യം നൽകുന്നുണ്ട്. വാർത്താസമ്മേളനത്തിൽ ഡെപ്യൂട്ടി മേയർ എം എൽ റോസി, സ്ഥിരം സമിതി അധ്യക്ഷരായ പി കെ ഷാജൻ, വർഗീസ്‌ കണ്ടംകുളത്തി, കരോളിൻ പെരിഞ്ചേരി, സാറാമ്മ റോബ്‌സൺ എന്നിവരും പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top