26 December Thursday

കോൺഗ്രസ്‌ സമരം 
കപടനാടകം: സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Sunday Oct 22, 2023
തൃശൂർ
 പാലിയേക്കര ടോൾപ്ലാസയിൽ എംപിയടക്കമുള്ള കോൺഗ്രസ് നേതാക്കൾ നടത്തിയത് തെരഞ്ഞെടുപ്പ് ലാക്കാക്കിയുള്ള കപടനാടകമാണെന്ന് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ്.
നിർമാണത്തിൽ കോടികളുടെ അഴിമതി ഇഡി കണ്ടെത്തിയെന്നും അതിനാൽ പിരിവ് നിർത്തണമെന്നും ആവശ്യപ്പെട്ടായിരുന്ന സമരം. കേരള  പൊലീസിനെതിരെ കുതിര കയറാനുള്ള അവസരമാക്കി  ഈ സമര പ്രഹസനത്തെ മാറ്റിയത് അപലപനീയമാണ്. ദേശീയപാതയിൽ ബിഒടി വ്യവസ്ഥയിൽ റോഡുകൾ നിർമിക്കാനും ടോൾ പിരിക്കാനും അനുമതി നൽകിയത് കോൺഗ്രസ് നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരായിരുന്നു. ഗുരുവായൂർ ഇൻഫ്രാസ്ട്രക്‌ചർ ലിമിറ്റഡിന് ടോൾ പിരിവ് നടത്താനുള്ള ചുമതല നൽകിയതും കോൺഗ്രസ് സർക്കാരാണ്‌. 
 ടോൾ പിരിവിനെതിരെ നിരവധി സമരങ്ങൾ  സിപിഐ എം   നടത്തിയിട്ടുണ്ട്. അന്നെല്ലാം ടോൾ പിരിവ് കമ്പനിയുടെ കൂടെനിന്ന ചരിത്രമാണ് കോൺഗ്രസിന്റേത്. ടോൾ പിരിവ് കള്ളക്കമ്പനിയെ ഏൽപ്പിച്ചത് തെറ്റായിപ്പോയെന്ന് പറയാനുള്ള ആർജവം ടി എൻ പ്രതാപനും  കോൺഗ്രസ് നേതാക്കൾക്കും ഉണ്ടോ എന്ന്‌ വ്യക്തമാക്കണം. തെരഞ്ഞെടുപ്പ് സ്പെഷ്യൽ സമരം നടത്തി ജനങ്ങളെ കബളിപ്പിക്കാനുള്ള കോൺഗ്രസ് ശ്രമം വിലപ്പോവില്ല.
ബിജെപി  ഒമ്പത്‌ വർഷം മുമ്പ് പാലിയേക്കരയിൽ വലിയ സമര കോലാഹലങ്ങൾ ഉണ്ടാക്കിയതാണ്. കേന്ദ്രത്തിൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നശേഷം അവർ സമരം നടത്തിയിട്ടില്ല. ജനങ്ങളെ കൊള്ളയടിക്കുന്ന ടോൾ പിരിവ് നിർത്തിവയ്ക്കണമെന്ന് കേന്ദ്ര അധികാരമുള്ളപ്പോൾ കോൺഗ്രസോ  ഇപ്പോൾ ബിജെപിയോ ആവശ്യപ്പെട്ടില്ല. ടോൾ കൊള്ളയെ   അംഗീകരിക്കുന്ന നിലപാടാണ് ഇരു പാർടികൾക്കുമുള്ളത്. 
എന്നാൽ ഇടതുപക്ഷ നിലപാട് വ്യത്യസ്തമാണെന്ന് സംസ്ഥാന സർക്കാർ തെളിയിച്ചിട്ടുണ്ട്. സംസ്ഥാന പാതകളിലെ പാലങ്ങളിലെ മുഴുവൻ ടോളുകളും നിർത്തിവച്ചത് ഒന്നാം പിണറായി സർക്കാരാണ്. ഇത്‌ ജനങ്ങൾ തിരിച്ചറിയുമെന്ന്‌ സിപിഐ എം ജില്ലാ സെക്രട്ടറി എം എം വർഗീസ്‌ പ്രസ്‌താവനയിൽ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top