തൃശൂർ
കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പ്രഖ്യാപനത്തിലെ തർക്കം മൂർച്ഛിച്ചു. ഡിസിസി നേതൃത്വത്തിനെതിരെ കലാപവുമായി ജില്ലയിലെ 110 മണ്ഡലങ്ങളിലും എ ഗ്രൂപ്പും സമാനചിന്താഗതിക്കാരും ചേർന്ന് പരസ്യമായും രഹസ്യമായും യോഗങ്ങൾ ആരംഭിച്ചു. ജില്ലാതലത്തിൽ ഒന്നിച്ച് നീങ്ങാനും യോഗം ചേരാനുമാണ് തീരുമാനം.
ജോസ് വള്ളൂർ ഡിസിസി പ്രസിഡന്റായതിനുശേഷം പാർടിയെ ഒറ്റക്കെട്ടായി കൊണ്ടുപോകുന്നതിൽ പരാജയപ്പെട്ടതായും വളർച്ച മുരടിച്ചതായും വിമതവിഭാഗം ആരോപിക്കുന്നു. 60 മണ്ഡലങ്ങളിൽ പ്രസിഡന്റുമാരെ തീരുമാനിക്കാനായില്ല. പുനഃസംഘടനാസമിതി എടുത്ത തീരുമാനം അട്ടിമറിച്ച് 50 മണ്ഡലങ്ങളിൽ കെപിസിസിക്ക് ലിസ്റ്റ് അയച്ചു. ജോസ് വള്ളൂരിന്റെ സ്വന്തം മണ്ഡലമായ അന്തിക്കാട് മണ്ഡലം പ്രസിഡന്റിന്റെ നിയമനത്തിൽപ്പോലും എ ഗ്രൂപ്പിനെ വെട്ടി സ്വന്തക്കാരനെ തിരുകിക്കയറ്റിയതായും പരാതി ഉയർന്നു. അന്തിക്കാട് പുതിയ മണ്ഡലം പ്രസിഡന്റ് ചുമതലയേറ്റെടുക്കുന്ന ചടങ്ങ് ബഹിഷ്കരിച്ച് കെപിസിസി സെക്രട്ടറിയായിരുന്ന എം ആർ രാംദാസിന്റെ നേതൃത്വത്തിൽ പരസ്യയോഗം വെല്ലുവിളി ഉയർത്തിയിരുന്നു. ഇതിനുപിന്നാലെയാണ് 110 മണ്ഡലങ്ങളിൽ സമാനചിന്താഗതിക്കാർ ഒന്നിച്ചത്.
ജോസ് വള്ളൂർ ഡിസിസി പ്രസിഡന്റായ ശേഷം നടന്ന പല സഹകരണബാങ്ക് തെരഞ്ഞെടുപ്പുകളിലും കോൺഗ്രസ് ഭിന്നിച്ച് മത്സരിച്ചു. ഒറ്റ പാനലുണ്ടാക്കാൻ ഡിസിസി പരാജയപ്പെട്ടു. ഡിസിസിയുടെ ‘മൂക്കിനു താഴെ’ തൃശൂർ അർബൻ കോ -ഓപ്പറേറ്റീവ് ബാങ്കിൽ ഞായറാഴ്ച നടക്കുന്ന തെരഞ്ഞെടുപ്പിലും രണ്ട് പാനലാണ് മത്സരരംഗത്തുള്ളത്. മൂന്നു തവണ മത്സരിപ്പിച്ചവരെ മാറ്റണമെന്ന കെപിസിസി തീരുമാനം ധിക്കരിച്ച് പോൾസൺ ആലപ്പാടിന്റെയും ഐ പി പോളിന്റെയും നേതൃത്വത്തിൽ പാനൽ മത്സരിച്ചതാണ് പ്രശ്‌നം രൂക്ഷമാക്കിയത്. എതിർ പാനലിന്റെ തെരഞ്ഞെടുപ്പ് യോഗം കെപിസിസി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്താണ് ഉദ്ഘാടനം ചെയ്തത്. കോൺഗ്രസ് ചേരിപ്പോര് ഇതോടെ രൂക്ഷമായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..