തൃശൂർ
മനുഷ്യജീവിതങ്ങളുടെ കൊടിയ പലായന കഥകൾ പറഞ്ഞ് രണ്ടുനാടകങ്ങൾ. തൃശൂർ കുറ്റൂർ അഭിനയ നാടകസമിതി തൃശൂർ റീജണൽ തിയറ്ററിൽ സംഘടിപ്പിച്ച നാടകോത്സവത്തിലാണ് നാടകങ്ങൾ അരങ്ങേറിയത്. പലായനങ്ങൾ ബാക്കിവയ്‌ക്കുന്നത് ഒരു നാടിന്റെ തോരാനോവെന്നോർമിപ്പിച്ച് ‘വസൂരിമാല’ അരങ്ങിലെത്തി. ജയൻ ചെത്തല്ലൂർ രചിച്ച നാടകം ജിനേഷ് ആച്ചത്താണ് സംവിധാനം ചെയ്‌തത്.
അധികാരം എക്കാലവും ചാട്ട ചുഴറ്റിയെറിയുന്നത് സാധാരണ മനുഷ്യജീവിതങ്ങൾക്ക് മുകളിലാണ്. സവർണമനസ്സുകളിൽനിന്ന് പാകിയെറിയുന്ന വിഷവിത്തുകൾ, അതേറ്റ് വീണുതകരുന്ന ജീവിതങ്ങൾ. മതം മറയാക്കിയും അന്ധവിശ്വാസങ്ങളെ ആയുധമാക്കിയും വിദ്വേഷം പടർത്തുന്ന വർത്തമാനകാലത്തിന്റെ കുറിപ്പാണ് നാടകം.
തുടർന്ന് ‘കുമാരി അസോസിയേറ്റ്‌സ്’ നാടകം അരങ്ങിലെത്തി. ബന്ധങ്ങളുടെ നിർവചനങ്ങൾക്കപ്പുറം കൂട്ടിച്ചേർക്കപ്പെടുന്ന ജീവിതത്തിന്റെ സൗന്ദര്യമാണ് നാടകം പങ്കുവയ്‌ക്കുന്നത്. വീടും നാടുമേതെന്ന് കടലാസിൽ കുറിച്ചിടാനാവാതെ അരികുവൽക്കരിക്കപ്പെടുന്നവർ എക്കാലവും നോവും നേരുമാകുന്നുവെന്നും നാടകം ഓർമിപ്പിക്കുന്നു. ജിഷ അഭിനയയാണ് രചനയും സംവിധാനവും നിർവഹിച്ചത്.
സന്തോഷ് പള്ളിയിൽ, പ്രശാന്ത് ചിറ്റിലപ്പിള്ളി, സുധീർ കൊല്ലാറ, കെ വിഷ്‌ണു, റാഫേൽ ആലപ്പാട്ട്, പ്രസാദ് കൊളങ്ങാട്ടുകര, സജി തീയ്യം, വിനോഷ് നന്മ, കുമാരൻ, ശ്രീലക്ഷ്‌മി അഭിനയ, തൻവി സുബു, ചാന്ദ്‌നി വത്സൻ, ചെറുപുഷ്‌പം എന്നിവർ ഇരുനാടകങ്ങളിലുമായി അരങ്ങിലെത്തി. സംഗീതം മെൽവിൻ ജോർജ്. ദീപവിതാനം രജീഷ് സുന്ദർ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..