21 November Thursday
കേന്ദ്ര സർക്കാരിന്റെ പുതിയ നിയമം

പറക്കോട്ടുകാവ്‌ താലപ്പൊലി വെടിക്കെട്ടും പ്രതിസന്ധിയിൽ

സ്വന്തം ലേഖകൻUpdated: Tuesday Oct 22, 2024
ചേലക്കര
തിരുവില്വാമല പറക്കോട്ടുകാവ്‌ താലപ്പൊലിയുടെ പ്രധാന ആകർഷണമായ വെടിക്കെട്ട്‌ നടത്തിപ്പിന്‌ തടസ്സമായി കേന്ദ്ര സർക്കാർ ഉത്തരവ്‌. താലപ്പൊലിക്കാവ്‌ പരിസരത്തുനിന്ന്‌ ആളുകൾക്ക്‌ വെടിക്കെട്ട്‌ കാണാനുള്ള അവസരവും നിഷേധിക്കുന്നതാണ്‌ കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രാലയം വെടിക്കെട്ട്‌ നടത്തിപ്പുമായി ബന്ധപ്പെട്ട്‌ ഇറക്കിയ അസാധാരണ ഗസറ്റ്‌ വിജ്ഞാപനം. 2008ലെ സ്‌ഫോടക വസ്‌തു നിയമം ബിജെപി സർക്കാർ ഭേദഗതി ചെയ്‌തതാണ്‌ വെടിക്കെട്ട്‌ നടത്തിപ്പ്‌  പ്രതിസന്ധിയിലാക്കിയത്‌.  
വെടിക്കെട്ടിനുള്ള മരുന്ന്‌ സൂക്ഷിക്കുന്ന ഇടത്തിൽ നിന്ന്‌ 200 മീറ്റർ അകലെ മാത്രമേ വെടിക്കെട്ട്‌ നടത്താൻ കഴിയൂവെന്നാണ്‌ പ്രധാന നിബന്ധന. ഇതുപ്രകാരം  താലപ്പൊലിപ്പറമ്പിൽ വെടിക്കെട്ട്‌ നടത്താൻ കഴിയില്ല. നേരത്തേ ഈ ദൂരം 45മീറ്റർ മാത്രമായിരുന്നു. ഇതാണ്‌ ഒറ്റയടിക്ക്‌ അശാസ്‌ത്രീയമായി  200 മീറ്ററാക്കി മാറ്റിയത്‌. ആളുകൾക്ക്‌ സുഗമമായി വെടിക്കെട്ട്‌ കാണാനുള്ള അവസരവും പുതിയ നിയമത്തിലൂടെ കേന്ദ്ര സർക്കാർ ഇല്ലാതാക്കി. വെടിക്കെട്ട്‌ നടക്കുന്ന സ്ഥലത്തുനിന്ന്‌ 100 മീറ്റർ അകലെ ആളുകൾ നിൽക്കണമെന്നാണ്‌ പുതിയ നിയമം നിഷ്‌കർഷിക്കുന്നത്‌. ഇതോടെ വർഷങ്ങളായി പാറപ്പുറത്തിരുന്ന്‌ സുഖ മായി വെടിക്കെട്ട്‌ കാണാൻ കഴിഞ്ഞിരുന്ന സാഹചര്യവും ഇനിയുണ്ടാകില്ല.  
    വെടിക്കെട്ടും ആളുകളും തമ്മിലുള്ള ദൂരപരിധി 50–-70 മീറ്ററായി കുറയ്‌ക്കണമെന്ന്‌ ആവശ്യപ്പെടുന്നതിനിടയിലാണ്‌ ദൂരവും വർധിപ്പിച്ചത്‌. അതിനൊപ്പം തന്നെ ആളുകൾ നിൽക്കുന്ന ഇടത്തെ ബാരിക്കേഡ്‌ കെട്ടി തിരിക്കണമെന്നതും അനാവശ്യ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നതാണ്‌. വിവിധ വലുപ്പത്തിലുള്ള അമിട്ടുകൾ തമ്മിലുള്ള അകലം 50സെന്റീമീറ്റർ വേണമെന്നും ആവശ്യപ്പെടുന്നു. ഇത്‌ വെടിക്കെട്ടിന്റെ  ഭംഗി ഇല്ലാതാക്കും. ഇത്തരത്തിൽ 35 നിബന്ധനകളാണ്‌ വെടിക്കെട്ട്‌ നടത്തിപ്പുമായി ബന്ധപ്പെട്ട്‌ കേന്ദ്ര സർക്കാർ ഇറക്കിയിട്ടുള്ളത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top