22 November Friday
പ്രളയക്കെടുതി രൂക്ഷമാവും

കോൾ നിലങ്ങളിൽ 
നിർമിതികൾ ഇരട്ടിയായി

സി എ പ്രേമചന്ദ്രൻUpdated: Tuesday Oct 22, 2024
തൃശൂർ
 പത്തുവർഷത്തിനുള്ളിൽ  കോൾനിലങ്ങളിൽ നഗരവൽക്കരണം  ക്രമാതീതമായി  വർധിച്ചതായി പഠനം.  നിർമിതികൾ  ഇരട്ടിയായി. 109 ഹെക്ടറിലുണ്ടായിരുന്ന   കെട്ടിടങ്ങളും  റോഡുകളും   195 ഹെക്ടറിലേക്ക്‌ വ്യാപിച്ചു.   കോൾനിലത്തിനകത്ത്‌ കെട്ടിടസമുച്ചയങ്ങൾ ഉയർന്നു.   തൃശൂർ നഗരം,  പുഴയ്‌ക്കൽ,  ചേർപ്പ്‌, ഇരിങ്ങാലക്കുട എന്നിവിടങ്ങളിലാണ്‌ ഇത്‌ കൂടുതലായി നടന്നിട്ടുള്ളത്‌. ഇത്‌ പ്രളയക്കെടുതികൾ രൂക്ഷമാക്കാൻ വഴിയൊരുക്കി. തണ്ണീർത്തടങ്ങളുടെ തകർച്ചയ്‌ക്കും ഇത്‌ കാരണമായതായി    റാംസർ ബ്യൂറോയ്‌ക്കുവേണ്ടി കോയമ്പത്തൂർ കാരുണ്യ  ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌  ടെക്‌നോളജി ആൻഡ്‌ സയൻഡ്‌  നടത്തിയ  കോൾനില പഠന റിപ്പോർട്ടിൽ പറയുന്നു.  
 കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി  2040ഓടെ  സമുദ്രനിരപ്പ്‌ 0.5 മീറ്റർ ഉയരും. കോൾ നിലങ്ങളിലും ചുറ്റുപ്രദേശങ്ങളിലും ആയിരം ഹെക്ടറോളം  പ്രദേശത്ത്‌ ജലനിരപ്പ്‌ ക്രമാതീതമായി ഉയരാൻ സാധ്യതയുണ്ട്‌.  
 ഉപ്പുവെള്ളത്തിന്റെ തള്ളിക്കയറ്റവും വർധിക്കും. മുല്ലശേരി, പുഴയ്‌ക്കൽ, ഇരിങ്ങാലക്കുട, അന്തിക്കാട്‌, ചേർപ്പ്‌, വെള്ളാങ്ങല്ലൂർ ബ്ലോക്കുകളിൽ  ഇത്‌ ബാധിക്കും.  ഈ മേഖലകളിൽ പ്രളയക്കെടുതിയും രൂക്ഷമാണ്‌. 2018ൽ ഒരു മീറ്റർ മുതൽ 10 മീറ്റർ വരെ ജലം ഉയർന്നിരുന്നു.   കോൾ നിലങ്ങളിലേക്ക്‌ ചിമ്മിനി ഡാമിൽനിന്നാണ്‌ ശുദ്ധജലം എത്തിക്കുന്നത്‌.  ഡാമിൽനിന്ന്‌ ജലം തുറന്നുവിടാൻ  ശാസ്‌ത്രീയ സംവിധാനം ഏർപ്പെടുത്തണം.  ഇല്ലെങ്കിൽ കോളിന്‌ ദോഷകരമാവും. താപനിലയിലെ വർധന കാരണം കോൾനിലങ്ങളിലെ നെല്ലുൽപ്പാദനം കുത്തനെ  കുറയാനിടയാക്കുമെന്നും റിപ്പോർട്ടിലുണ്ട്‌.  നഗരങ്ങളിലെ മലിന ജലം ശുദ്ധീകരിക്കാതെ  തണ്ണീർത്തടങ്ങളിൽ തള്ളിവിടുന്നുണ്ട്‌.  ഇത്‌  ജീവജാലങ്ങളുടെ തകർച്ചയ്‌ക്ക്‌ വഴിവയ്‌ക്കും.    
കാലാവസ്ഥാ വ്യതിയാനം കണക്കിലെടുത്ത്‌  ജലനിരപ്പും തണ്ണീർത്തടത്തിലെ ഉപ്പിന്റെ  അളവും നിരീക്ഷിക്കാൻ സംവിധാനം വേണം.  ജലസംഭരണികളുടെ ശാസ്‌ത്രീയ പ്രവർത്തനം ഉറപ്പാക്കണം. ഏനാമാക്കൽ, ഇടിയഞ്ചിറ റെഗുലേറ്ററുകളുടെ കേടുപാടുകൾ തീർത്ത്‌ ശാസ്‌ത്രീയമായി പ്രവർത്തിപ്പിക്കണം. കനാലുകളിലെ ചണ്ടി നീക്കി ഒഴുക്ക്‌ ക്രമീകരിക്കണം. കോൾ വികസന അതോറിറ്റി ശാക്തീകരിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.  കാരുണ്യ  ഇൻസ്‌റ്റിറ്റ്യൂട്ട്‌ പ്രൊ.വൈസ്‌ ചാൻസിലർ  ഇ ജെ  ജെയിംസിന്റെ നേതൃത്വത്തിലായിരുന്നു പഠനം. റിപ്പോർട്ട്‌ ചൊവ്വാഴ്‌ച രാവിലെ 10.30ന്‌  തൃശൂർ സാഹിത്യ അക്കാദമി ഹാളിൽ  മന്ത്രി റോഷി അഗസ്‌റ്റിൻ പ്രകാശനം ചെയ്യും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top