വടക്കാഞ്ചേരി
കോൺഗ്രസ് നേതാക്കൾക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ജപ്തി ഭീഷണി നേരിടുന്ന കുടുംബം. തെക്കുംകര പൂമലപരേതനായ തെക്കുഞ്ചേരി തോമസിന്റെ കുടുംബമാണ് കോൺഗ്രസ് പ്രാദേശിക നേതാക്കൾക്കെതിരെ ബ്ലേഡ് മാഫിയ ചൂഷണം ആരോപിച്ച് രംഗത്ത് വന്നത്. ഏഴ് കോൺഗ്രസ് നേതാക്കളടങ്ങിയ ലോബിയിൽ നിന്ന് തോമസ് പണം കടം വാങ്ങിയിരുന്നു. കൊള്ളപ്പലിശയിൽ ലക്ഷങ്ങൾ ഈടാക്കിയതാണ് കുടുംബത്തെ വൻ കടക്കെണിയിലാക്കിയതെന്നും തുടർന്ന് ബാങ്കിന്റെ ജപ്തി ഭീഷണിയിലേക്ക് തങ്ങളെ നയിച്ചതെന്നും കുടുംബം ആരോപിച്ചു.
കോൺഗ്രസുകാരനായിരുന്ന തോമസിനെ കോൺഗ്രസ് നേതാക്കൾതന്നെയാണ് ചതിച്ചത്. 3 ലക്ഷം കടം വാങ്ങി 10 ലക്ഷം തിരിച്ച് കൊടുക്കേണ്ട സ്ഥിതിയുണ്ടായി.
45 ലക്ഷം ആസ്തിയുള്ള വീടും പറമ്പും വിൽപ്പന മുടക്കി വെറും 10 ലക്ഷം രൂപക്ക് വിൽക്കാൻ ഭീഷണിപ്പെടുത്തുകയായിരുന്നു ബ്ലേഡ് - ഭൂമാഫിയ സംഘങ്ങളെന്നും തോമസിന്റെ മകൻ തെക്കുഞ്ചേരി നിമൽ തോമസ് പറഞ്ഞു. ജില്ലാ ബാങ്ക് ജീവനക്കാരനായിരുന്നു പിതാവ്. ഇവർക്കെതിരെ വടക്കാഞ്ചേരി പൊലീസിൽ പരാതി നൽകിയിട്ടുണ്ടായിരുന്നുവെന്നും നിമൽ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..