കുന്നംകുളം
വിദ്യാർഥിഹിതം ഉൾക്കൊള്ളാനാകാതെ കുന്നംകുളത്തെ എബിവിപി നേതൃത്വം. 22 വർഷം തുടർച്ചയായി യൂണിയൻ ഭരിച്ച് ഏകാധിപത്യ സംവിധാനം സൃഷ്ടിച്ചെടുത്ത എബിവിപിക്ക് കിഴൂർ വിവേകാനന്ദ കോളേജിലെ വിദ്യാർഥികൾ ബാലറ്റിലൂടെ നൽകിയ തിരിച്ചടി അംഗീകരിക്കാൻ കഴിയാത്ത നേതൃത്വം വിവേകാനന്ദ കോളേജിലും തൊട്ടടുത്തുള്ള ഗവ. പോളിടെക്നിക്ക് കോളേജിലും നിരന്തരം സംഘർഷം സൃഷ്ടിക്കുകയാണ്. പ്രാദേശികമായി ലഭിക്കുന്ന സംഘപരിവാർ അനുകൂല ക്രിമിനൽ സംഘങ്ങളുടെ പിന്തുണയിലാണ് എബിവിപി നേതൃത്വം ഈ രണ്ട് ക്യാമ്പസിലും അക്രമം നടത്തുന്നത്.
യൂണിയൻ ഭരണം നേടിയതിനെത്തുടർന്ന് എസ്എഫ്ഐ കോളേജിൽ സ്ഥാപിച്ച കൊടിമരം രാത്രിയുടെ മറവിൽ നശിപ്പിച്ചിരുന്നു. എബിവിപി വിജയിച്ച വർഷങ്ങളിൽ എസ്എഫ്ഐക്ക് ഇവിടെ പ്രവർത്തന സ്വാതന്ത്ര്യംപോലും നൽകിയിരുന്നില്ല. ക്യാമ്പസിൽ പരിസ്ഥിതി ദിനത്തിന് ചെടിനടാനെത്തിയ എസ്എഫ്ഐ വനിതാ നേതാവിനെ എബിവിപിക്കാർ തടഞ്ഞതും ആക്രമിക്കാൻ ശ്രമിച്ചതും വിവാദമായിരുന്നു.
യൂണിയൻ നഷ്ടപ്പെട്ടത് അംഗീകരിക്കാൻ തയ്യാറാകാത്ത നേതൃത്വം ഇവിടത്തെ അധ്യാപകരെ വരെ ലൈംഗികമായി അധിക്ഷേപിക്കുകയും അസഭ്യം പറയുകയും ചെയ്തതിനെത്തുടർന്ന് അധ്യാപക സംഘടനയ്‌ക്ക് ക്യാമ്പസിൽ പ്രതിഷേധ സമരം നടത്തേണ്ടി വന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും കായിക പരിശീലനം ലഭിച്ചവരെ തിരഞ്ഞുപിടിച്ച് കോളേജിൽ പ്രവേശനം വാങ്ങി നൽകിയാണ് ക്യാമ്പസിൽ സംഘപരിവാർ അക്രമി സംഘത്തെ സൃഷ്ടിച്ചിരുന്നത്. അനധികൃത പ്രവേശനത്തിനെതിരെ എസ്എഫ്ഐ സമരം ചെയ്‌തിരുന്നു. തുടർന്ന് എബിവിപി നേതാവിന്റെ രേഖകൾ വീണ്ടും ഹാജരാക്കാൻ ആവശ്യപ്പെട്ട് സസ്പെൻഡ് ചെയ്‌തു.
പ്രവേശന വിലക്ക് നിലനിൽക്കെയാണ് ക്രിസ്‌മസ് ആഘോഷത്തിനിടയിൽ വെള്ളിയാഴ്ച ഇയാളുടെ നേതൃത്വത്തിൽ എബിവിപി സംഘർഷം സൃഷ്ടിച്ചത്. ഇതിനെതിരെ കോളേജ് അധികൃതർ കർശന നടപടി സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് വിദ്യാർഥികൾ. കഴിഞ്ഞകാലങ്ങളിൽ എബിവിപി അക്രമികൾക്ക് ചില അധ്യാപകർ നൽകിയ പിന്തുണ അവസാനിപ്പിച്ചാൽ മാത്രമേ കോളേജിനെ കുരുതിക്കളമാക്കാനുള്ള സംഘപരിവാർ ശ്രമത്തിന് തടയിടാനാകൂ എന്നാണ് വിദ്യാർഥികളുടെ അഭിപ്രായം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..