22 December Sunday
സുരേഷ്‌ ഗോപി ആംബുലൻസ്‌ ദുരുപയോഗിച്ച സംഭവം

പിആർ ഏജൻസിയുടെ 
സിഇഒയെ ചോദ്യം ചെയ്‌തു

വെബ് ഡെസ്‌ക്‌Updated: Sunday Dec 22, 2024
തൃശൂർ
തൃശൂർ പൂരദിവസം രാത്രി നിയമം ലംഘിച്ച്‌  സുരേഷ് ഗോപി  നഗരത്തിരക്കിനിടയിലൂടെ ആംബുലൻസിൽ യാത്ര ചെയ്‌തുവെന്ന  പരാതിയിൽ പി ആർ ഏജൻസിയായ വരാഹി അനലറ്റിക്സ് കമ്പനിയുടെ സിഇഒ അഭിജിത്തിനെ പൊലീസ്‌ ചോദ്യം ചെയ്തു. തൃശൂർ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായിരുന്നപ്പോൾ സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ നിയന്ത്രിച്ചിരുന്നത് പി ആർ ഏജൻസിയായ വരാഹി അനലറ്റിക്സാണ്‌.  
തൃശൂർ ഈസ്റ്റ് പൊലീസ്‌ സ്‌റ്റേഷനിൽ ശനി  രാവിലെയായിരുന്നു ചോദ്യം ചെയ്യൽ. പൂരദിവസം  തിരുവമ്പാടി ദേവസ്വം ഓഫീസിലേക്ക് സുരേഷ് ഗോപിക്ക് എത്താൻ ആംബുലൻസ് വിളിച്ചുവരുത്തിയത് അഭിജിത്താണെന്ന് ഡ്രൈവർ മൊഴി നൽകിയിരുന്നു. തുടർന്നാണ് ഇയാളെ കേസിൽ പ്രതിയാക്കിയത്. സേവാഭാരതിയുടെ ആംബുലൻസിലാണ്‌ സുരേഷ്‌ ഗോപി എത്തിയത്‌.  രോഗികൾക്ക് സഞ്ചരിക്കേണ്ട ആംബുലൻസ് ദുരുപയോഗിച്ചതിനും  പൊലീസ്‌ ഏർപ്പെടുത്തിയ ഗതാഗതനിയന്ത്രണം ലംഘിച്ചതിനുമാണ്‌ കേസ്‌. തൃശൂർ ഈസ്റ്റ് പൊലീസ്  രജിസ്റ്റർ ചെയ്ത കേസിൽ സുരേഷ് ഗോപി ഒന്നാം പ്രതിയും അഭിജിത്ത് രണ്ടാം പ്രതിയും ആംബുലൻസ് ഡ്രൈവർ മൂന്നാം പ്രതിയുമാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top