ചാലക്കുടി
സ്വർണത്തിന് പകരം വ്യാജ ആഭരണങ്ങൾ നൽകി പണം തട്ടിയ നാലംഗ സംഘം ചാലക്കുടിപ്പുഴയിൽ ചാടി രക്ഷപ്പെട്ടു. പുഴ നീന്തി റെയിൽവേ ട്രാക്കിലൂടെ ഓടി മുരിങ്ങൂരിലെത്തിയ സംഘം കൊരട്ടി വഴി അങ്കമാലിക്ക് കടന്നു. ഇവരെ അങ്കമാലിയിലെത്തിച്ചുവെന്ന് ഓട്ടോ ഡ്രൈവർ ചാലക്കുടി പൊലീസിൽ മൊഴി നൽകി. ചാലക്കുടിപ്പുഴയിലെ റെയിൽവേ പാലത്തിലൂടെ നടന്നുപോയ നാലുപേർ പുഴയിൽ വീണ് അപകടത്തിൽപ്പെട്ടുവെന്നാണ് ആദ്യം കരുതിയിരുന്നത്. പാലത്തിൽ ഒരാളെ ട്രെയിൻ തട്ടിയെന്നും മൂന്നുപേർ പുഴയിലേക്ക് ചാടിയെന്നുമാണ് ഇതുവഴി കടന്നുപോയ ട്രെയിനിന്റെ ലോക്കോ പൈലറ്റ് പൊലീസിൽ വിവരം നൽകിയത്. പൊലീസും ഫയർഫോഴ്‌സും പുഴയിൽ പരിശോധന നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. പ്രദേശത്തുനിന്ന് ആരെയെങ്കിലും കാണാതായിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിച്ചു. അത്തരത്തിൽ ഒരു സൂചനയും ലഭിച്ചില്ല.
അതിനിടയിലാണ് മലപ്പുറം സ്വദേശി രാജേഷ് തട്ടിപ്പിനിരയായെന്ന് കാണിച്ച് ചാലക്കുടി പൊലീസിൽ പരാതി നൽകിയത്. വ്യാജ സ്വർണം നൽകി പണം തട്ടിയെന്ന പരാതി ലഭിച്ചതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവത്തിന്റെ ചുരുൾ നിവർന്നത്. ഞായർ അർധരാത്രിയോടെ റെയിൽവേ പാലത്തിന് സമീപം രണ്ട് സംഘങ്ങൾ തമ്മിൽ സ്വർണ ഇടപാടുമായി ബന്ധപ്പെട്ട് തർക്കങ്ങളുണ്ടായി. വ്യാജ സ്വർണം നൽകി നാല് ലക്ഷം രൂപയോളം തട്ടിയ ഇതര സംസ്ഥാനക്കാരായ നാൽവർ സംഘം രക്ഷപ്പെടുകയായിരുന്നു. ഇവർ പുഴയുടെ ഭാഗത്തേക്ക് ട്രാക്കിലൂടെ ഓടിപ്പോയപ്പോൾ ട്രെയിൻ വരുന്നത് കണ്ട് പുഴയിൽ ചാടുകയായിരുന്നു.
ഓട്ടോയിൽ രക്ഷപ്പെട്ടുവെന്ന് കരുതുന്ന സംഘത്തിലെ ഒരാൾ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ തലയ്‌ക്ക് ഗുരുതര പരിക്കേറ്റ് ചികിത്സയിലാണ്. ഇയാളുടെ മൊഴിയെടുത്താൽ മാത്രമേ സംഭവത്തിൽ വ്യക്തത വരൂവെന്ന് പൊലീസ് പറഞ്ഞു. നിലവിലെ ആരോഗ്യ സ്ഥിതിയിൽ രണ്ട് ദിവസം കഴിഞ്ഞാലേ ചോദ്യം ചെയ്യാനാകൂ. അതേസമയം തട്ടിപ്പിനിരയായെന്ന് കാണിച്ച് പരാതി നൽകിയ മലപ്പുറം സ്വദേശിക്കെതിരെയും അന്വേഷണമുണ്ടാകും. അനധികൃത സ്വർണ ഇടപാട് സംബന്ധിച്ച് അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു. ഇയാളെ വിളിച്ച് മൊഴിയെടുക്കും. ഇയാൾക്കൊപ്പം മൂന്നുപേർ കൂടിയുണ്ടായിരുന്നുവെന്നാണ് വിവരം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..