22 December Sunday

കൊലക്കേസ് പ്രതിയെ വെട്ടിക്കൊന്നു: 
സുഹൃത്തുക്കൾ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Jul 23, 2024
നടത്തറ
പൂച്ചട്ടിയിൽ കൊലക്കേസ് പ്രതിയെ വെട്ടിക്കൊന്നശേഷം പ്രതികൾ കീഴടങ്ങി. നടത്തറ ഐക്യനഗര്‍ സ്വദേശി അകത്തെപ്പറമ്പില്‍ രാമുവിന്റെ മകന്‍ സതീഷിനെ(47)യാണ് വെട്ടിക്കൊന്നത്.  ഞായറാഴ്ച രാത്രി 11.30നാണ് സംഭവം. പൊന്നൂക്കര കള്ളിയത്ത് വീട്ടില്‍ സജിതന്‍ (41), വളര്‍ക്കാവ് അറയ്ക്കല്‍ വീട്ടില്‍ ഷിജോ (41), പൂച്ചട്ടി കാഞ്ഞിരത്തിങ്കല്‍ വീട്ടില്‍ ജോമോന്‍ (45) എന്നിവർ പിടിയിലായി. പിടിയിലായവരും കൊലക്കേസ്‌ പ്രതികളാണ്‌. കൊല്ലപ്പെട്ട സതീഷും പ്രതികളായ സുഹൃത്തുക്കളും ചില കേസുകളിൽ   പ്രതികളായിരുന്നു. സതീഷിനെ മൂവരും ചേർന്ന് ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കസ്റ്റഡിയിലുള്ള പ്രതികളെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. പ്രതിയായ ഷിജോയും സതീഷും തമ്മിൽ സാമ്പത്തിക ഇടപാടുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട്‌ സതീഷിന്റെ സുഹൃത്തിന്റെ മകളുടെ പിറന്നാള്‍ ആഘോഷത്തിനിടയിൽ തര്‍ക്കമുണ്ടായി.  അന്ന്‌ വലിയ പ്രശ്‌നങ്ങളില്ലാതെ പിരിഞ്ഞെങ്കിലും  സതീഷ് നടത്തറയില്‍ എത്തിയശേഷം തര്‍ക്കമുണ്ടായവരെ ഫോണില്‍ വെല്ലുവിളിച്ചു. തുടർന്ന്‌ പ്രതികൾ സംഘടിച്ച്‌ പൂച്ചട്ടി  ഗ്രൗണ്ടിലെത്തി. ഇവിടെവച്ചുണ്ടായ തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. ചാപ്ലി ബിജു, മലങ്കര വര്‍ഗീസ്, ലാലൂര്‍  ലാല്‍ജി കൊലക്കേസുകളിലെ പ്രതിയാണ് കൊല്ലപ്പെട്ട സതീഷ്. 
     സതീഷ്‌ റോഡില്‍ കിടക്കുന്നത് കണ്ട് അപകടമാണെന്ന്‌ കരുതി നാട്ടുകാര്‍ ചേര്‍ന്ന് 108 ആബുലന്‍സിലും പൊലീസിലും വിവരമറിയിച്ച് ആശുപത്രിയിലെത്തിച്ചു. അപ്പോഴേക്കും മരിച്ചിരുന്നു. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹം സംസ്‌കരിച്ചു. സിറ്റി എസിപി സലീഷ് എൻ ശങ്കർ, ഇൻസ്‌പെക്ടർ ബെന്നി ജേക്കബ്, പ്രിൻസിപ്പൽ എസ്ഐ കെ സി ബൈജു, എസ്ഐമാരായ ഇ പി ജോഷി, ജീസ് മാത്യു, സീനിയർ സിവിൽ പൊലീസ് ഓഫീസർ അഭീഷ് ആന്റണി, അനീഷ് എന്നിവർ അന്വേഷക സംഘത്തിലുണ്ടായിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top