22 December Sunday

ചെത്തുതൊഴിലാളിക്ക് പെന്‍ഷന്‍ 
നല്‍കണമെന്ന് മനുഷ്യാവകാശ കമീഷന്‍

വെബ് ഡെസ്‌ക്‌Updated: Friday Aug 23, 2024
തൃശൂർ
പതിനഞ്ചു വർഷം ചെത്തുതൊഴിൽ ചെയ്ത ക്ഷേമനിധി അംഗത്തിന് മാനുഷിക പരിഗണനയുടെ പേരിൽ പെൻഷൻ അനുവദിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ. കേരള ടോഡി വർക്കേഴ്സ് വെൽഫെയർ ഫണ്ട് ബോർഡ് ചീഫ് വെൽഫെയർ ഇൻസ്പെക്ടർക്കാണ്  കമീഷൻ അംഗം വി കെ ബീനാകുമാരി നിർദേശം നൽകിയത്. ചാലക്കുടി പോട്ട സ്വദേശി ആർ‌ വി ഉണ്ണിക്കൃഷ്ണന് പെൻഷൻ നൽകാനാണ് ഉത്തരവ്. ഇരിങ്ങാലക്കുട റേഞ്ചിലെ ടി എസ് നമ്പർ 205 ആളൂർ ഷാപ്പിലെ ചെത്തുതൊഴിലാളിയായിരുന്നു പരാതിക്കാരൻ.
തൃശൂർ വെൽഫെയർ ഫണ്ട് ഇൻസ്പെക്ടറിൽ നിന്ന് കമീഷൻ റിപ്പോർട്ട് വാങ്ങി.  ചെത്ത് തൊഴിലിൽ നിന്ന് വിരമിച്ച പരാതിക്കാരൻ കേരള ബിൽഡിങ് ആൻഡ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്സ് വെൽഫെയർ ഫണ്ട് ബോർഡിൽ അംഗമായിരുന്നതായി റിപ്പോർട്ടിൽ പറയുന്നു. 2010 ൽ പരാതിക്കാരന് തെങ്ങിൽനിന്ന് വീണ് അപകടം പറ്റിയിരുന്നു. ഇതിനുശേഷം കെട്ടിട നിർമാണ ജോലിയിൽ ഹെൽപ്പറായി പോയിത്തുടങ്ങി. ഒരേ സമയം രണ്ട് ക്ഷേമനിധിയിൽ അംഗത്വമുള്ളവർക്ക് പെൻഷൻ അനുവദിക്കാൻ കഴിയില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.
കെട്ടിട നിർമാണത്തൊഴിലാളി ക്ഷേമനിധി ബോർഡിലെ അംഗത്വം പരാതിക്കാരൻ റദ്ദാക്കിയതിനെത്തുടർന്ന് കള്ള് തൊഴിലാളി ക്ഷേമ നിധി ബോർഡിൽ നിന്ന്  പെൻഷൻ നൽകാനുള്ള അപേക്ഷ ബോർഡ്  പരിഗണിക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു. പരാതിക്കാരന് ഒരിടത്തുനിന്നും പെൻഷൻ കിട്ടാത്ത സാഹചര്യമുണ്ടാകരുതെന്നും കമീഷൻ ഉത്തരവിൽ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top