27 December Friday

പിടികൂടിയത്‌ മാരക മയക്കുമരുന്ന്; 
വിൽപ്പന സീരിയൽ മേഖലയിൽ

വെബ് ഡെസ്‌ക്‌Updated: Friday Aug 23, 2024

ചക്ക ഷിബു

തൃശൂർ
 കുതിരാനിൽ  പൊലീസ്‌ പിടികൂടിയത്‌ ലക്ഷങ്ങൾ വിലമതിക്കുന്ന അതിമാരക മയക്കുമരുന്ന്. വിൽപ്പനക്കായി അന്യസംസ്ഥാനത്തുനിന്ന്  കേരളത്തിലേക്ക്  കടത്തിയ  155ഗ്രാം  എംഡിഎംഎയുമായാണ്‌ ബുധനാഴ്‌ച യുവാവ്‌ പൊലീസ്‌ പിടിയിലായത്‌. ആലപ്പുഴ കൃഷ്ണാപുരം  താഴ്‌ച വടക്കേതിൽ   ചക്ക ഷിബു  (ഷിബു –-30  )വിനെയാണ്‌  സിറ്റി പൊലീസ്‌  പിടികൂടിയത്‌. ബംഗളൂരുവിൽ നിന്ന്‌ ടൂറിസ്‌റ്റ്‌ ബസിൽ വരുമ്പോൾ വസ്‌ത്രങ്ങൾക്കുള്ളിലാണ്‌  മയക്കുമരുന്ന്‌ കടത്തിയത്‌.  
ആലപ്പുഴ, കൊല്ലം, എറണാകുളം ജില്ലകളിലെ മോഡൽ രംഗത്തും സീരിയൽ മേഖലകളിലും പ്രവർത്തിക്കുന്ന ചിലരുമായി ഇയാൾക്ക്‌ ബന്ധമുള്ളതായി സൂചനയുണ്ട്‌.   ഈ മേഖലയിലെ ചിലർക്ക് മയക്കുമരുന്നുകൾ  കൈമാറാറുള്ളതായും അന്വേഷണത്തിൽ വിവരം ലഭിച്ചു. ഗ്രാമിന്‌ 3000 രൂപയ്‌ക്കാണ്‌ വിൽപ്പന. അതുപ്രകാരം 4,65,000 രൂപ വിലവരും.   ഇയാൾക്ക് മയക്കുമരുന്ന് എത്തിക്കുന്നവരെക്കുറിച്ചും  മയക്കുമരുന്ന് വിൽപ്പന  കേന്ദ്രങ്ങളെക്കുറിച്ചും  പൊലീസ് അന്വേഷിച്ചുവരികയാണ്.  
 അറസ്റ്റിലായ ഷിബു നിരവധി മോഷണക്കേസുകളിൽ പ്രതിയാണെന്ന്‌ പൊലീസ്‌ പറഞ്ഞു.   ഗുരുവായൂർ, കൊടുങ്ങല്ലൂർ ക്ഷേത്രങ്ങളിൽ ദർശനത്തിനെത്തുന്നവരുടെ   വാഹനങ്ങളുടെ ചില്ലുകൾ  തകർത്ത് വിലപിടിപ്പുള്ള വസ്തുക്കളും മൊബൈൽ  ഫോണുകളും  പണവും കവർന്ന കേസുകളിൽ  പിടിയിലായി ജയിലിലായിരുന്നു. ജയിലിൽനിന്നും ഇറങ്ങി  മയക്കുമരുന്നു വ്യാപാരത്തിലേക്ക് തിരിയുകയായിരുന്നു. ആലപ്പുഴ ജില്ലയിലെ ശൂരനാട്, കായംകുളം,   സ്റ്റേഷനുകളിൽ മയക്കുമരുന്നുകേസുകളുണ്ട്. 
     പീച്ചി  ഇൻസ്‌പെക്ടർ  പി  അജിത് കുമാർ, എസ്ഐ വി എൻ മുരളി, ഒല്ലൂർ എസ്ഐ കെ സി  ബൈജു, തൃശൂർ സിറ്റി ലഹരി വിരുദ്ധ സ്ക്വാഡിലെ എഎസ്ഐ  ടി വി ജീവൻ എന്നിവരടങ്ങിയ സംഘമാണ്‌ പ്രതിയെ പിടികൂടിയത്‌. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്‌ ചെയ്‌തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top