22 November Friday

സൂപ്പര്‍ഹിറ്റായി കാരുണ്യയാത്ര

സ്വന്തം ലേഖികUpdated: Friday Aug 23, 2024

ജില്ലയിലെ പ്രൈവറ്റ്‌ ബസ് ഓപ്പറേറ്റേഴ്‌സ്‌ അസോസിയേഷൻ ഒരു ദിവസത്തെ കലക്ഷൻ ദുരിതാശ്വാസ നിധിയിലേക്ക്‌ കൊടുക്കുന്നതിന്റെ ഭാഗമായി 
യാത്രക്കാരില്‍ നിന്ന് യാത്രാക്കൂലി ബക്കറ്റിൽ സ്വീകരിക്കുന്നു

തൃശൂർ
‘കാരുണ്യയാത്ര... വയനാടിനൊരു കൈത്താങ്ങ്’ എന്ന ബാനർ കെട്ടിയ സ്വകാര്യ ബസുകളിൽ കയറിയവരെല്ലാം സന്തോഷത്തിലാണ് ബസിൽ നിന്നിറങ്ങിയത്. വയനാട് ദുരിതബാധിതർക്ക് വീടൊരുക്കാൻ തങ്ങളാൽ കഴിയുന്ന തുക കാരുണ്യയാത്രയിലൂടെ നൽകാനായല്ലോ എന്ന തൃപ്തിയായിരുന്നു യാത്രക്കാരുടെ മുഖങ്ങളിൽ. കണ്ടക്ടർ നീട്ടിയ ബക്കറ്റിലേക്ക് ചിലർ യാത്രക്കൂലിയും ചിലർ അതിലധികവും നൽകി. വയനാടുകാരെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെ കാരുണ്യയാത്ര എന്ന ബാനർ കെട്ടിയ ബസ് നോക്കി കയറിയവരുമുണ്ട്.
വയനാട് ദുരിത ബാധിതരെ കൈപിടിച്ചുയർത്തുകയെന്ന ലക്ഷ്യത്തോടെ  തൃശൂർ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ്‌ അസോസിയേഷന്റെ കീഴിലെ 520 ബസുകളാണ് വ്യാഴാഴ്ച ജില്ലയിൽ നിരത്തിലിറങ്ങിയത്. ഇന്ധനത്തിന്റെ തുകയും ബസിലെ ജീവനക്കാർക്കുള്ള ശമ്പളവും കഴിഞ്ഞുള്ള തുകയാണ് ദുരിത ബാധിതർക്ക് വീടൊരുക്കാനായി നൽകുന്നത്.ഡിഡി ആയി
 19 ലക്ഷം രൂപ സമാഹരിക്കാൻ ലക്ഷ്യമിട്ടായിരുന്നു യാത്ര. സമാഹരിച്ച തുക കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്  കൈമാറും.  കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്റെ നേതൃത്വത്തിൽ വയനാട് ദുരിത ബാധിതർക്ക് 25 വീടുകൾ വച്ചുനൽകാനാണ് ശ്രമം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top