22 December Sunday
അക്ഷരത്തിളക്കം മങ്ങാതെ ജ്ഞാനോദയം വായനശാല

75–-ാം വാര്‍ഷികാഘോഷം 
ഉദ്‌ഘാടനം 25ന്‌

സ്വന്തം ലേഖകൻUpdated: Friday Aug 23, 2024

പൂങ്കുന്നം ജ്ഞാനോദയം വായനശാലയിൽ പുസ്‌തകം വായിക്കാനെത്തിയവർ

തൃശൂർ
ഓൺലൈൻ  വായനയ്‌ക്ക്‌ സ്വീകാര്യത ഏറിയ കാലത്തും  പൂങ്കുന്നം ജ്ഞാനോദയം വായനശാലയിലേക്ക്‌ ദിനംപ്രതി എത്തുന്നത്‌ പ്രായഭേദമന്യേ നിരവധി പേർ. ഇന്റർനെറ്റും വാട്‌സ്‌ആപ്പും മറ്റ്‌ സൗകര്യങ്ങളുമുണ്ടെങ്കിലും തിരക്കുപിടിച്ച നഗര ജീവിതത്തിനിടയിൽ ജനങ്ങൾ ആശയവിനിമയം നടത്താനും വിജ്ഞാനം നേടാനും ഒത്തുചേരുന്ന കേന്ദ്രമാണിത്‌.  നവോത്ഥാന –-സ്വാതന്ത്ര്യ സമര പ്രസ്ഥാനങ്ങളെ പിൻപറ്റി വന്ന പൂങ്കുന്നം ജ്ഞാനോദയം വായനശാല 75ലേക്ക്‌ കടന്നു. 
  സീതാറാം മില്ലിലെ തൊഴിലാളികൾക്ക്‌ അക്ഷരവെളിച്ചമേകാനായി 1950 ൽ രൂപംകൊണ്ട വായനശാല ആദ്യകാലങ്ങളിൽ ഒട്ടേറെ രാഷ്‌ട്രീയ സാംസ്‌കാരിക സംവാദങ്ങൾക്ക്‌ വേദിയായിട്ടുണ്ട്‌. കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിനു കീഴിലെ  ജില്ലയിലെ ആദ്യത്തെ എ പ്ലസ്‌ ഗ്രേഡ് ലൈബ്രറിയാണ്.
ആയിരത്തോളം അംഗങ്ങളും  ഇരുപത്തയ്യായിരം പുസ്‌തകങ്ങളുമുണ്ട്‌. തൃശൂർ താലൂക്കിലെ റഫറൻസ് ലൈബ്രറിയുമാണ്‌. ലൈബ്രറി പൂർണമായും ഡിജിറ്റലൈസ് ചെയ്യുന്ന പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലാണ്‌.  ഇ സാക്ഷരതാ പ്രവർത്തനത്തിന്റെ ഭാഗമായി വയോജന വേദിയുടെയും ബാലവേദിയുടെയും നേതൃത്വത്തിൽ ഇ ലേണിങ്‌ ക്ലാസുകൾ സംഘടിപ്പിച്ചു വരുന്നു. ഇ റീഡിങ്‌ ആരംഭിച്ചിട്ടുണ്ട്. ഗ്രന്ഥശാലയിലുള്ള സി ഡി ലൈബ്രറിയിൽ നിരവധി വിജ്ഞാനപ്രദമായ സിഡികളുണ്ട്. ബാലവേദി കുട്ടികൾക്കായി വിവിധയിനം ഗെയ്‌മുകളുടെയും ക്ലാസിക് സിനിമകളുടെയും കവിതകളുടെയും സിഡികൾ ലൈബ്രറി സമാഹരിച്ചിട്ടുണ്ട്. അംഗങ്ങളായവർക്ക് പുസ്തകത്തോടൊപ്പം സിഡികളും കൊണ്ടുപോകാം. സൗജന്യ പിഎസ് സി പഠന ക്ലാസുകളും  എൽഎൽബി എൻട്രൻസ് പരീക്ഷാ പരിശീലനവും  ഇംഗ്ലീഷ് വ്യാകരണ ക്ലാസും നടത്തുന്നു. കോവിഡ്‌ കാലത്ത് ആരംഭിച്ച അക്ഷരസേന വീടുകളിൽ പുസ്തകമെത്തിച്ചും കിടപ്പുരോഗികൾക്ക് അവശ്യസാധനങ്ങൾ എത്തിച്ചും ഇപ്പോഴും പ്രവർത്തനം തുടരുന്നു.
വായനശാലയുടെ 75–--ാം വർഷികാഘോഷം ഞായറാഴ്‌ച നടക്കും. ജൂബിലി പരിപാടികളുടെ ഉദ്ഘാടനം വൈകിട്ട് നാലിന് മന്ത്രി ആർ ബിന്ദു നിർവഹിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top