ചാലക്കുടി
വാർഡ് അംഗത്തിന്റെ നിശ്ചയദാർഡ്യം, തിരുമുടിക്കുന്ന് ലക്ഷംവീടുകളിലെ നിവാസികൾക്ക് ഇനി മുതൽ ഭയമില്ലാതെ ഒറ്റവീടുകളിൽ അന്തിയുറങ്ങാം.
എം എൻ ലക്ഷംവീട് പദ്ധതി പ്രകാരം നിർമിച്ച 10 ഇരട്ട ലക്ഷംവീടുകളാണ് ഒറ്റവീടുകളായി മാറ്റിയത്. വാർഡ് അംഗം ലിജോ ജോസിന്റെ കഠിനപ്രയത്നമാണ് ലക്ഷംവീട് നിവാസികൾക്ക് സ്വന്തം വീടെന്ന സ്വപ്നം യാഥാർഥ്യമാക്കിയത്.
ഭവന പദ്ധതികൾക്ക് പുറമെ സുമനസ്സുകളെയും സംഘടനകളേയും കണ്ടെത്തിയാണ് വാർഡ് അംഗം ഒറ്റവീടെന്ന ലക്ഷ്യത്തിലേക്കെത്തിയത്.
20വീടുകളാണ് പദ്ധതി പ്രകാരം നിർമിക്കുന്നത്. ഇതിൽ 19 ഒറ്റവീടുകളുടെ നിർമാണം പൂർത്തിയാക്കി താക്കോൽദാനം നടത്തി. ശേഷിക്കുന്ന ഒരു വീടിന്റെ നിർമാണം അവസാനഘട്ടത്തിലാണ്. 20വീടുകളിൽ അഞ്ചെണ്ണം നേരത്തേ പൂർത്തിയാക്കിയിരുന്നു. 10എണ്ണം ഭവനബോർഡിന്റെ സഹകരണത്തോടെയും മൂന്നെണ്ണം കെയർ ആൻഡ് ഷെയറിന്റേയും ഒരെണ്ണം നാട്ടുകാരുടെ സഹകരണത്തോടെയുമാണ് പൂർത്തീകരിച്ചത്.
യുഎസ് കേന്ദ്രമായി പ്രവർത്തിക്കുന്ന കെയർ ആൻഡ് ഷെയർ ഫൗണ്ടേഷൻ ചെയർമാൻ ടോണി ദേവസി താക്കോൽദാനം നിർവഹിച്ചു. ലിജോ ജോസ് അധ്യക്ഷനായി. ഫാ. സെബാസ്റ്റ്യൻ മാടശേരി, ഷിജു അച്ചാണ്ടി, റെയ്ബിൻ റാഫി, എ എ ബിജു, ബാബു ജോസഫ്, ടി സി ഗോപി, ബൈജു വെളിയത്തുപറമ്പിൽ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..