ചേലക്കര
അക്കരെ നിൽക്കുന്ന തോണിക്കാരനെ കൂവി വിളിച്ച് കാത്തിരിക്കണം, ജീവൻ കൈയിൽ പിടിച്ച് കടത്ത് തോണിയിൽ ഭീതിദമായ യാത്ര–- പതിറ്റാണ്ടുകളായി ഭരതപ്പുഴയ്‌ക്കപ്പുറം കാണുന്ന ഒറ്റപ്പാലത്തേക്ക് ഒരു ജനത പോയിരുന്നത് ഇങ്ങനെയായിരുന്നു. ഈ ദുരിതകാലം അവസാനിച്ചത് കെ രാധാകൃഷ്‌ണൻ എംഎൽഎയുടെ നേതൃത്വത്തിൽ എൽഡിഎഫ് സർക്കാരുകളും ചേർന്ന് മായന്നൂർ–- ഒറ്റപ്പാലം പാലം സാധ്യമാക്കിയതോടെയാണ്. നേരത്തേ മായന്നൂരിൽനിന്ന് റോഡ് മാർഗം ഒറ്റപ്പാലത്ത് എത്തണമെങ്കിൽ പഴയന്നൂർ–- തിരുവില്വാമല വഴി 18 കിലോമീറ്റർ താണ്ടണമായിരുന്നു. പാലം സാധ്യമായതോടെ നാല് കിലോമീറ്ററായി ദൂരം കുറഞ്ഞു.
രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് മുന്നേയുള്ള ആവശ്യമാണ് പാലം. കാലങ്ങളായി ചേലക്കരയെ പ്രതിനിധീകരിച്ചിരുന്ന കോൺഗ്രസ് പാടേ അവഗണിച്ച ആവശ്യം. 1996ൽ കെ രാധാകൃഷ്ണൻ എംഎൽഎയാകുകയും നായനാർ സർക്കാരിൽ മന്ത്രിയുമായതോടെ പാലം നിർമാണം ആരംഭിച്ചു. മന്ത്രി ടി ശിവദാസമേനോൻ കല്ലിട്ടു. 1997 ഡിസംബർ 31ന് ഭരണാനുമതി നൽകി 1997–--98 ബജറ്റിൽ 20 ലക്ഷംരൂപ വകയിരുത്തി. സിപിഐ എം നേതൃത്വത്തിൽ പാലം നിർമാണകമ്മിറ്റി രൂപീകരിച്ച് പ്രവർത്തനത്തിന് ആക്കംകൂട്ടി. 2001 –- 2006 കാലത്തെ യുഡിഎഫ് സർക്കാർ പണി അവതാളത്തിലാക്കി.
2006-ൽ എൽഡിഎഫ് സർക്കാർ വന്നതോടെ സ്ഥിതി മാറി. റെയിൽവേ ഉന്നയിച്ച സാങ്കേതിക തടസ്സമടക്കം നീക്കിയാണ് സ്‌പീക്കറായിരുന്ന കെ രാധാകൃഷ്‌ണന്റെ ഇടപെടലിൽ പാലം സാധ്യമാക്കിയത്. സംസ്ഥാനത്ത് ആദ്യമായി പൊതുമരാമത്ത് വകുപ്പ് റെയിൽവേ മേൽപ്പാലം നിർമിച്ചത് ഇവിടെയാണ്. ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചായിരുന്നു നിർമാണം.
പാറ തുരന്നാണ് തൂണുകൾ നിർമിച്ചത്. ഒന്നേമുക്കാൽ കിലോമീറ്റർ നീളമുണ്ട് പാലത്തിന്. 275 മീറ്റർ അപ്രോച്ച്‌റോഡും 93.84മീറ്റർ റെയിൽവേ മേൽപ്പാലവുമാണ്. 2011 ജനുവരി 22നാണ് ജനതയുടെ സ്വപ്‌നസാക്ഷാൽക്കാരമായി പാലം സാധ്യമാക്കിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..