തൃശൂർ
റവന്യൂ ജില്ലാ കായികമേളയിൽ രണ്ടാം ദിനത്തിലും തൃശൂർ ഈസ്റ്റിന്റെ കുതിപ്പ്. 14 വീതം സ്വർണവും വെള്ളിയും 5 വെങ്കലവും സ്വന്തമാക്കി 120 പോയിന്റോടെയാണ് നേട്ടം. ആദ്യദിനത്തിൽ രണ്ടാമതായിരുന്ന ആതിഥേയരായ കുന്നംകുളത്തെ പിന്നിലാക്കി മാള രണ്ടാമതെത്തി. 11 സ്വർണവും എട്ട് വെള്ളിയും ആറ് വെങ്കലവും ഉൾപ്പെടെ 95 പോയിന്റ് നേടി. ഒമ്പത് സ്വർണവും എട്ട് വെള്ളിയും ആറ് വെങ്കലവും നേടി 83 പോയിന്റോടെയാണ് കുന്നംകുളം മൂന്നാം സ്ഥാനത്ത്. 73 പോയിന്റോടെ ചാലക്കുടി തൊട്ടുപിന്നാലെയുണ്ട്. 56 പോയിന്റ് നേടിയ ചാവക്കാടാണ് അഞ്ചാമത്. സ്കൂളുകളിൽ ആറ് വീതം സ്വർണവും വെള്ളിയും രണ്ട് വെങ്കലവും സ്വന്തമാക്കി 50 പോയിന്റോടെ കാൽഡിയൻ സിറിയൻ എച്ച്എസ്എസ് തന്നെ മുന്നിൽ. നാല് സ്വർണവും മൂന്ന് വീതം വെള്ളിയും വെങ്കലവും നേടി മാള ആർഎം ഹയർസെക്കൻഡറി സ്കൂൾ തൊട്ടുപിന്നാലെയുണ്ട്. ചൂണ്ടൽ എൽഐജിഎച്ച്എസ് 21 പോയിന്റോടെ മൂന്നാം സ്ഥാനത്തുണ്ട്. മൂന്ന് സ്വർണവും രണ്ട് വെള്ളിയും നേടി. 17 വീതം പോയിന്റോടെ മാള സെന്റ് ആന്റണീസ് എച്ച്എസ്എസും ഏങ്ങണ്ടിയൂർ സെന്റ് തോമസ് എച്ച്എസും നാലാമതാണ്. തൃശൂർ മോഡൽ ബോയ്സ് ഹയർസെക്കൻഡറി സ്കൂൾ 15 പോയിന്റുമായി അഞ്ചാമതാണ്. ആദ്യദിനത്തിൽ കനത്ത മഴയെ തോൽപ്പിച്ചാണ് മത്സരാർഥികൾ ട്രാക്കിലിറങ്ങിയതെങ്കിൽ രണ്ടാംദിനം കടുത്ത വെയിലായിരുന്നു വില്ലൻ. ചൊവ്വാഴ്ച 43 ഇനങ്ങൾ പൂർത്തിയായി. ഇനി 24 ഇനങ്ങളിലാണ് മത്സരം നടക്കേണ്ടത്. ഇത് സമാപനദിവസമായ ബുധനാഴ്ച നടക്കും. ശേഷം അധ്യാപകരുടെ മത്സരങ്ങളും ഉണ്ടാകും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..