26 December Thursday
പെരിന്തൽമണ്ണ സ്വർണക്കവർച്ച

പ്രതികൾ തൃശൂരിൽ അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Saturday Nov 23, 2024

അറസ്റ്റിലായ പ്രതികള്‍

തൃശൂർ
പെരിന്തൽമണ്ണയിൽ ജ്വല്ലറി ഉടമയെ കാറിടിച്ച്‌ വീഴ്‌ത്തി മൂന്നര കിലോ സ്വർണം കവർന്ന കേസിലെ നാല്‌ പ്രതികളെ തൃശൂർ പൊലീസ് അറസ്റ്റ് ചെയ്തു. വരന്തരപ്പിള്ളി അരങ്ങൻമൂല സ്വദേശി മണി എന്ന സജിത്കുമാർ (36), പാട്യം പത്തായംകുന്ന് സ്വദേശി നിജിൽ രാജ് (35), പത്തായംകുന്ന് സ്വദേശി പ്രബിൻ (29), കോക്കൂർ എളവള്ളി സ്വദേശി നിഖിൽ (33) എന്നിവരെയാണ് വ്യാഴം രാത്രി 12മണിയ്‌ക്ക്‌ അറസ്റ്റ് ചെയ്തത്.
ഇവർ ക്വട്ടേഷൻ സംഘമാണെന്നാണ്‌ പൊലീസ്‌ നൽകുന്ന സൂചന. കവർന്ന സ്വർണം കണ്ടുകിട്ടിയിട്ടില്ല. അഞ്ചുപേർ കൂടി സംഘത്തിലുണ്ടെന്നും സ്വർണം ഇവർക്ക്‌ കൈമാറിയതായും പൊലീസ്‌ സംശയിക്കുന്നു. പെരിന്തൽമണ്ണ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള സംഘം പ്രതികളെ കസ്‌റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്‌തു വരികയാണ്‌.
കവർച്ച നടത്തിയവർ ജില്ലയിലേക്ക്‌ കടക്കാൻ സാധ്യതയുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ സിറ്റി പൊലീസ് കമീഷണർ ആർ ഇളങ്കോ ആണ്‌ പരിശോധന നടത്താൻ നിർദേശം നൽകിയത്‌. കൃത്യം നടത്തിയ മഹിന്ദ്ര മറസ്സോ വാഹനത്തെക്കുറിച്ച്‌  പെരിന്തൽമണ്ണയിൽ ക്യാമറ യൂണിറ്റിൽ നിന്ന്‌ ലഭിച്ച പ്രാഥമിക വിവരങ്ങൾ പ്രതികളെ പിടിക്കാൻ സഹായകരമായി. തൃശൂർ സിറ്റി ക്യാമറ കൺട്രോളിന്റെ ഇടപെടലിൽ വാഹനം കണ്ടെത്തി. 
ഈസ്റ്റ്‌ ഇൻസ്‌പെക്ടർ ജിജോയുടെ നേതൃത്വത്തിൽ കിഴക്കേക്കോട്ടയിൽ നടത്തിയ വാഹന പരിശോധനയിൽ കൈ കാണിച്ചിട്ടും നിർത്താതെ പോയി. ഈസ്റ്റ്‌ എസ്‌ഐ ജിനോ പീറ്ററിന്റെ നേതൃത്വത്തിൽ പിന്തുടർന്ന്‌ സെവൻത്ത് ഡേ സ്കൂളിന് മുൻവശത്തു വച്ച് വാഹനം തടഞ്ഞാണ്‌ പ്രതികളെ പിടികൂടിയത്‌.
വ്യാഴം രാത്രി 8.45-ന് പെരിന്തൽമണ്ണ–-പട്ടാമ്പി റോഡിൽ അലങ്കാർ തിയറ്ററിന് സമീപമുള്ള കയറ്റത്തിലാണ് സംഭവം. പെരിന്തൽമണ്ണ–-ഊട്ടി റോഡിൽ കെഎം ജ്വല്ലറി നടത്തുന്ന യൂസഫ്, അനുജൻ ഷാനവാസ് എന്നിവരെയാണ്‌ ആക്രമിച്ചത്‌. കാർ ഇടിച്ചതോടെ താഴെവീണ യൂസഫിന്റെ മുഖത്തേക്ക്‌ സ്‌പ്രേ അടിച്ചു. തുടർന്ന്‌ അക്രമികൾ സ്വർണമടങ്ങിയ ബാഗ് തട്ടിപ്പറിച്ച് ചെർപ്പുളശേരി ഭാഗത്തേക്ക്‌ പോയി.  
ജ്വല്ലറി ഓടിട്ട കെട്ടിടത്തിലാണ്‌. സുരക്ഷയില്ലാത്തതിനാൽ ആഭരണങ്ങൾ കടയിൽ സൂക്ഷിക്കാതെ രാത്രി ഉടമയുടെ വീട്ടിലേക്ക് കൊണ്ടുപോകുകയാണ് പതിവ്. നഷ്ടപ്പെട്ട സ്വർണത്തിന് രണ്ടര കോടി രൂപയിലധികം വിലവരും. പ്രതികളെ പിടികൂടിയ സംഘത്തിൽ സിപിഒമാരായ പ്രദീപ്‌, സി പി സൂരജ് എന്നിവരുമുണ്ടായിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top