01 August Thursday

സുധിക്ക്‌ സ്‌പെയിനിലേക്ക്‌ ക്ഷണം: പ്രതീക്ഷക്ക്‌ നിറമില്ല

സി എസ്‌ സുനിൽUpdated: Friday Feb 24, 2023

കളറിൽ റിയലിസ്റ്റിക് രീതിയിൽ വരച്ച ‘ദി പ്രോൺസ് ' എന്ന ചിത്രം

ഏങ്ങണ്ടിയൂർ
സ്‌പെയിനിലേക്ക്‌  ചിത്രപ്രദർശനത്തിന് ക്ഷണം ലഭിക്കുമ്പോഴും  സാമ്പത്തിക പ്രതിസന്ധിയിൽ  ഈ ചിത്രകാരന്റെ  മനസ്സിലെ നിറച്ചാർത്തുകൾ മങ്ങിയിരിക്കയാണ്‌.   ഏങ്ങണ്ടിയൂർ ചേറ്റുവ സ്വദേശിയായ സുധി പീപ്പിയ് എന്ന സുധീഷിന് സ്‌പെയിനിലെ  ഇന്റർനാഷണൽ വാട്ടർ കളർ സൊസൈറ്റി കോർഡൊബയിൽ   നടത്തുന്ന അന്താരാഷ്ട്ര വാട്ടർകളർ ചിത്രപ്രദർശനത്തിലേക്കാണ്  ക്ഷണം ലഭിച്ചത്.  മാർച്ച്‌ ഒമ്പതു മുതൽ 12 വരെ നടക്കുന്ന എക്സിബിഷനിലും തുടർന്ന് ലോകത്തിലെ പ്രശസ്ത വാട്ടർകളർ ചിത്രകാരന്മാർ പങ്കെടുക്കുന്ന ക്യാമ്പിൽ പങ്കെടുക്കാനുമാണ് ക്ഷണം. വാട്ടർ കളറിൽ റിയലിസ്റ്റിക് രീതിയിൽ വരച്ച  ‘ദി പ്രോൺസ് ' എന്ന  ചിത്രമാണ്   അവസരം ലഭിക്കാൻ കാരണമായത്. ഈ ചിത്രം കഴിഞ്ഞ മാസം തുർക്കിയിലെ ഇസ്‌താൻബൂളിൽ നടന്ന എക്സിബിഷനിലും പ്രദർശിപ്പിച്ചിരുന്നു. എന്നാൽ  സ്‌പെയിനിലേക്കുള്ള യാത്രച്ചെലവ്‌ താങ്ങാനാവാത്ത സ്ഥിതിയാണ്‌. 
ഇതിനോടകം ദേശീയ, അന്തർ ദേശീയ പ്രദർശനങ്ങളും, അതിലൂടെ നിരവധി അവാർഡുകളും ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം അർജന്റീനയിൽനിന്നും ഇന്റർനാഷണൽ വാട്ടർകളർ സൊസൈറ്റിയുടെ അവാർഡ്, ഇന്റർനാഷണൽ വാട്ടർകളർ സൊസൈറ്റി ഇന്ത്യ ബിനാലേ അവാർഡ്, ഓസ്ട്രേലിയൻ ആർട്ട്‌ മെറ്റീരിയൽ ബ്രാൻഡ് ആയ ‘എഷാർ'  അവാർഡ് എന്നിവ നേടിയിരുന്നു.
ഇറാൻ, അർജന്റീന, നേപ്പാൾ, തുർക്കി എന്നീ വിദേശ രാജ്യങ്ങളിലേക്കും   എക്സിബിഷനുകളിൽ ഇദ്ദേഹത്തിന് ക്ഷണം ലഭിച്ചിരുന്നെങ്കിലും നേരിട്ട് പങ്കെടുക്കാൻ സാധിച്ചിരുന്നില്ല. ചിത്രങ്ങൾ  കൊറിയർ അയച്ചാണ് പങ്കെടുത്തിരുന്നത്. 
 ഉയർന്ന ചെലവ്  വരുന്നതിനാൽ  ഇത്തവണയും സ്‌പെയിനിലേക്ക്‌  പ്രദർശനത്തിന് ചിത്രങ്ങൾ അയച്ചിരിക്കുകയാണ് . ഏതെങ്കിലും സ്പോൺസർഷിപ് ലഭിക്കുകയാണെങ്കിൽ   നേരിട്ട് പങ്കെടുക്കാനാവും. ഇത്‌ ലഭിക്കുമെന്ന  പ്രതീക്ഷയിലാണ്‌. പാവറട്ടി സർ സയ്ദ് ഇംഗ്ലീഷ് സ്കൂളിൽ അധ്യാപകനായ  സുധീഷ്‌. ചേറ്റുവ നെടുമ്മാട്ടുമ്മൽ സുധാകരൻ–-തങ്കമണി ദാമ്പതികളുടെ മകനാണ്. ഭാര്യ ആതിര. മകൾ: ഇശൽ. സഹോദരൻ: സുനീഷ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top