22 November Friday

കൊരട്ടി കാത്തിരിക്കുന്നു വികസനക്കുതിപ്പിന്‌

കെ ജെ ലിജോUpdated: Wednesday Jul 24, 2024

പൂട്ടിയിട്ട കൊരട്ടി വൈഗെ ത്രെഡ്‌സ് കമ്പനി കാടുകയറിയ നിലയിൽ

ചാലക്കുടി 
പൂട്ടിയ കൊരട്ടി വൈഗെ ത്രെഡ്‌സ് കമ്പനിയുടെ ഭൂമി  സർക്കാർ ഏറ്റെടുത്താൽ പുതിയ വികസന സംരംഭങ്ങൾ ഉയരും. 2013 ജനുവരി 23ന് അടച്ചിട്ട കമ്പനിയുടെ 33 ഏക്കർ ഭൂമി ഏറ്റെടുത്താൽ വ്യവസായ മേഖലയ്‌ക്ക് പുത്തനുണർവാകും. ഭൂമി ഏറ്റെടുക്കലിനായുള്ള നടപടിക്രമങ്ങൾ അനന്തമായി നീളുന്നത് കൊരട്ടിയുടെ വികസനത്തിന്‌ വിലങ്ങുതടിയാകുന്നു. കർണാടക ഹൈക്കോടതിയിൽ നടക്കുന്ന  ലിക്കിഡേഷൻ നടപടികൾ അവസാനിച്ചിട്ടില്ല. കമ്പനി പൂട്ടാനുള്ള അനുമതിക്കായി മാനേജ്‌മെന്റ് സമീപിച്ച കർണാടക ഹൈക്കോടതി നിയോഗിച്ച ലിക്വിഡേറ്ററുടെ നിയന്ത്രണത്തിലാണ്‌ ഭൂമി. 
സംസ്ഥാന സർക്കാർ പാട്ടത്തിന്‌ നൽകിയ ഭൂമിയിൽ മൂവായിരത്തോളം തൊഴിലാളികളുമായി 1954 ലാണ്‌ നൂൽ നിർമാണ കമ്പനി പ്രവർത്തനമാരംഭിച്ചത്‌. ജെ ആൻഡ്‌ പി കോട്‌സ് എന്ന പേരിലായിരുന്നു പ്രവർത്തനം. വിവിധ ഘട്ടങ്ങളിൽ മാനേജ്‌മെന്റുകൾ മാറി ജമുന കമ്പനി, മദുര കോട്‌സ് എന്നിവയായി അവസാനം വൈഗെ ത്രെഡ്‌സ് എന്ന പേരിലായി.  കമ്പനിയും തൊഴിലാളികളും തമ്മിൽ 1988 ൽ ഉണ്ടാക്കിയ കരാർ വർഷങ്ങളായിട്ടും പുതുക്കാത്തതാണ്‌ പ്രവർത്തനം അവതാളത്തിലാക്കിയത്. തർക്കങ്ങളും സമരങ്ങളും ലോക്കൗട്ടിലെത്തിച്ചു. 1996ൽ 1400 തൊഴിലാളികളെ പിരിച്ചുവിട്ടു. വൈഗെ ത്രെഡ്‌സ് എന്ന പേരിൽ 850 തൊഴിലാളികളുമായി വീണ്ടും പ്രവർത്തനമാരംഭിച്ചു.  നഷ്ടത്തിലായ കമ്പനി  വൈകാതെ വിആർഎസ് പ്രഖ്യാപിച്ചു.  പൂട്ടുമ്പോൾ 192 തൊഴിലാളികളാണുണ്ടായിരുന്നത്. 
 കമ്പനി അടയ്ക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് മാനേജ്‌മെന്റ് കർണാടക ഹൈക്കോടതിയെ സമീപിച്ചു. കമ്പനി കെട്ടിടങ്ങൾ കാടുകയറി നശിച്ചു. ലക്ഷങ്ങൾ വിലമതിക്കുന്ന യന്ത്രസാമഗ്രികൾ പലതും മോഷണം പോയി.  ഭൂമി സർക്കാരിന്‌ വിട്ടുകിട്ടിയാൽ കൊരട്ടിയിലെ ഇൻഫോ പാർക്കിന്റെയും കിൻഫ്രയുടെയും വികസനത്തിന് ഉപയോഗിക്കാം. കൊരട്ടി പഞ്ചായത്തിന്റേതടക്കമുള്ള നിരവധി വികസന പദ്ധതികൾക്കും ഭൂമി ലഭ്യമാക്കാം. ഇതൊക്കെയും സാധ്യമായാൽ കൊരട്ടിയുടെ നഷ്ടപ്രതാപം വീണ്ടെടുക്കാം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top