22 December Sunday

ദിവസവേതനത്തിന് ജോലി ചെയ്താലും സാക്ഷ്യപത്രം നൽകണം: മനുഷ്യാവകാശ കമീഷൻ

വെബ് ഡെസ്‌ക്‌Updated: Saturday Aug 24, 2024
തൃശൂർ
 കെഎസ്എഫ്ഇ വടക്കാഞ്ചേരി ശാഖയിൽ  ദിവസവേതനാടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്നയാളിന് സാക്ഷ്യപത്രം നൽകണമെന്ന് മനുഷ്യാവകാശ കമീഷൻ. പ്രത്യേക ജോലിക്ക് ദിവസക്കൂലി അടിസ്ഥാനത്തിൽ നിയമിക്കപ്പെട്ടാൽ സാക്ഷ്യപത്രം നൽകാനാവില്ലെന്ന വടക്കാഞ്ചേരി ശാഖാ മാനേജരുടെ വാദം മനുഷ്യാവകാശ കമീഷൻ അംഗം വി കെ ബീനാകുമാരി തള്ളി.
വടക്കാഞ്ചേരി കുമ്പളങ്ങാട് സ്വദേശി എം വി പവിത്രന് സാക്ഷ്യപത്രം നൽകാനാണ് ഉത്തരവ്. കെഎസ്എഫ്ഇ ശാഖകൾ നിയമനം നടത്താറില്ലെന്നും പരാതിക്കാരനെ താൽക്കാലിക ജീവനക്കാരനായി നിയമിച്ചിട്ടില്ലെന്നും ശാഖാ മാനേജർ കമീഷനിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. കെ എസ്എഫ്ഇയുടെ നിയമനാധികാരി മാനേജിങ്‌ ഡയറക്ടറാണ്. എന്നാൽ, ശാഖയുടെ സുഗമമായ പ്രവർത്തനത്തിന് ദിവസക്കൂലിക്ക് ആളുകളെ നിയമിക്കാറുണ്ട്. ഇത്തരത്തിൽ നിയമിക്കുന്നവർക്ക് ജോലി ചെയ്തതായുള്ള സാക്ഷ്യപത്രം നൽകാനാവില്ലെന്നാണ് നിലപാട്. മാനേജരുടെ വാദം നീതിയുക്തമല്ലെന്ന് കമീഷൻ ഉത്തരവിൽ പറഞ്ഞു. പരാതിക്കാരന് കെഎസ്എഫ്ഇയിലുള്ള സുഗമ അക്കൗണ്ടിൽ ശമ്പളം അയച്ചതിന്റെ രേഖ പരാതിക്കാരൻ ഹാജരാക്കി. പരാതിക്കാരന് എംപ്ലോയ്‌മെന്റ് കാർഡ് നൽകിയതായും കമീഷൻ കണ്ടെത്തി. എന്നാൽ പരാതിക്കാരൻ ഏത് തസ്തികയിൽ ജോലി ചെയ്തുവെന്ന് റിപ്പോട്ടിൽ വ്യക്തമല്ലെന്നും കമീഷൻ ഉത്തരവിൽ പറഞ്ഞു. കെഎസ്എഫ്ഇ വടക്കാഞ്ചേരി ശാഖാ മാനേജർക്കാണ് കമീഷൻ നിർദേശം നൽകിയത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top