05 November Tuesday

ഇതാ അടയ്ക്കപ്പന്തൽ, 
ഒരു പക്ഷേ, ഇനി...

കെ ജെ ലിജോUpdated: Saturday Aug 24, 2024

നായരങ്ങാടിയിലെ കരിപ്പാത്ര ചന്ദ്രന്റെ അടയ്ക്കപ്പന്തല്‍

ചാലക്കുടി
നാടിന്റെ സംസ്‌കാരവും നിരവധി പേരുടെ ഉപജീവനമാർഗവുമായ അടയ്‌ക്കപ്പന്തലുകൾ വിസ്മൃതിയിലേക്ക്.  പുറത്തുനിന്നുള്ള അടയ്‌ക്കയുടെ വരവും   കവുങ്ങുകൾക്ക് വരുന്ന മഹാളി, കൂമ്പ് കരിയൽ, മഞ്ഞളിപ്പ് രോഗങ്ങളും ഈമേഖലയെ പ്രതിസന്ധിയിലാക്കുകയാണ്‌.  അയൽ സംസ്ഥാനങ്ങളിൽനിന്നും വില കുറവിൽ അടയ്‌ക്ക ഉൽപ്പന്നങ്ങളും  വിപണിയിലെത്തിയതോടെ  പിടിച്ചു നിൽക്കാനാവാതെ അടയ്‌ക്കപ്പന്തലുകളും പൂട്ടുകയായിരുന്നു. 
കൊട്ടടയ്‌ക്ക, പൈങ്ങ എന്നിവ ശേഖരിച്ച് തൊണ്ടുപൊളിച്ച് പരിപ്പെടുത്ത് സംസ്‌കരിക്കുന്ന കേന്ദ്രമാണ് അടയ്‌ക്കപ്പന്തൽ. അടയ്‌ക്ക തൊലിപൊളിച്ചെടുത്ത് കഴുകി വൃത്തിയാക്കലാണ് സംസ്‌കരണത്തിലെ ആദ്യപടി. തുടർന്ന് വലിയ വാർപ്പുകളിലിട്ട് പ്രത്യേകം തയ്യാറാക്കിയ അടുപ്പുകളിൽ  പുഴുങ്ങിയെടുക്കും. പിന്നീട് ഉണക്കിയെടുക്കും.  പൈങ്ങ  20 മിനിറ്റ് പുഴുങ്ങിയാൽ മതിയാകും. എന്നാൽ കോറ അടയ്‌ക്ക മൂന്ന് മണിക്കൂർ പുഴുങ്ങണം. പഴയ രീതിയിൽനിന്നും മാറി ഇപ്പോൾ ഡ്രയർ, പോളി ഹൗസ്, ഓപ്പൺ സൺലൈറ്റ് എന്നിവിടങ്ങളിലാണ് ഉണക്കുന്നത്. പാക്കുകൾ, സുഗന്ധ പാക്കുകൾ, പാക്ക് പൗഡറുകൾ, പലതരത്തിൽ കട്ട് ചെയ്ത സുപ്പാരികൾ എന്നിവയാണ് പ്രധാനമായ അടയ്ക്ക ഉൽപ്പന്നങ്ങൾ. ആഗസ്ത് മുതൽ ഡിസംബർ വരെയാണ്  സീസൺ. 
 ആദ്യകാലത്ത് ചാലക്കുടി മേഖലയിൽ നൂറിലധികം അടയ്‌ക്കപ്പന്തലുകളുണ്ടായിരുന്നു.  കുഴൂർ, ചൗക്ക, വെള്ളിക്കുളങ്ങര, കോടാലി, മാരാംകോട് തുടങ്ങിയ സ്ഥലങ്ങളിലും  പന്തൽ പ്രവർത്തിച്ചിരുന്നു.   ഇപ്പോൾ കോടശ്ശേരിയിലെ നായരങ്ങാടിയിൽ മാത്രമായി വ്യവസായം ചുരുങ്ങി.  40 വർഷത്തോളമായി അടയ്‌ക്ക സംസ്‌കരണ രംഗത്ത് പ്രവർത്തിക്കുന്ന നായരങ്ങാടി   മാരിയ്ക്കൽ കരിപ്പാത്ര ചന്ദ്രൻ മാത്രമാണ് ഇപ്പോൾ അടയ്‌ക്കപ്പന്തൽ മേഖലയിൽ സജീവമായുള്ളത്.  
നേരത്തേ രണ്ടായിരത്തിലധികം തൊഴിലാളികൾ  ഉപജീവനം നടത്തിയിരുന്നു.   പത്തു വർഷത്തിലധികമായി ഈ മേഖല പ്രതിസന്ധി നേരിടുകയാണെന്ന്‌  ചന്ദ്രൻ പറഞ്ഞു.  വിദേശത്തുനിന്നും  അടയ്‌ക്കയുടെ വരവും  കേരളത്തിലെ വർധിച്ച കൂലിയും പന്തലുകളുടെ പ്രതിസന്ധിക്ക്‌ കാരണമായതായി അദ്ദേഹം പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top