24 September Tuesday

കേരളം ഭൂരഹിതരും ഭവന രഹിതരുമില്ലാത്ത സംസ്ഥാനമാകും: മുഖ്യമന്ത്രി

സ്വന്തം ലേഖകൻUpdated: Tuesday Sep 24, 2024
തൃശൂർ
കേരളം ഭൂരഹിതരും ഭവനരഹിതരുമില്ലാത്ത സംസ്ഥാനമായി മാറുകയാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. ഭവനരഹിതരില്ലാത്ത സംസ്ഥാനത്തിനുവേണ്ടിയാണ്‌  ലൈഫ്‌ പദ്ധതി നടപ്പാക്കുന്നത്‌. തൃശൂർ കോർപറേഷൻ  231 ഭൂരഹിതർക്ക്‌ മൂന്ന്‌ സെന്റ്‌ ഭൂമി നൽകുന്നത്‌ ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2016–-ൽ എൽഡിഎഫ്‌ അധികാരത്തിൽ വന്നപ്പോൾ എല്ലാവർക്കും വീട്‌ ലഭ്യമാക്കാൻ മുന്നോട്ടുവച്ചതാണ്‌ ലൈഫ്‌ പദ്ധതി.   എട്ട്‌ വർഷംകൊണ്ട്‌ 3,88,000 കുടുംബങ്ങൾക്ക്‌ പട്ടയം നൽകി. നാലേകാൽ ലക്ഷം വീടുകൾ നൽകി. ഇതിന്റെ തുടർച്ചയാണ്‌ തൃശൂർ കോർപറേഷന്റെ പദ്ധതി. 
     കഴിഞ്ഞ എൽഡിഎഫ്‌ സർക്കാർ 1,77,000 കുടുംബങ്ങൾക്ക്‌ പട്ടയം നൽകി. ആരോഗ്യ ഇൻഷുറൻസ്‌, ആധുനികവൽക്കരിച്ച പൊതുവിദ്യാലയങ്ങൾ,  മികച്ച സൗകര്യങ്ങളുള്ള ആശുപത്രികൾ തുടങ്ങിയവയിൽ ഒരുപടി മുന്നേറി. പ്രഖ്യാപിക്കുന്നത്‌ നടപ്പാക്കുന്ന സർക്കാരാണ്‌ ഇതെന്ന്‌ അവർ അനുഭവത്തിലൂടെ അറിഞ്ഞു. അതിനാലാണ്‌ ജനങ്ങൾ എൽഡിഎഫിനെ വീണ്ടും അധികാരത്തിലേറ്റിയത്‌. ഈ വിശ്വാസം നിലനിർത്തിയാണ്‌ രണ്ടാം എൽഡിഎഫ്‌ സർക്കാരും പ്രവർത്തിക്കുന്നത്‌. ഈ സർക്കാർ കഴിഞ്ഞ്‌ മൂന്ന്‌ വർഷത്തിനിടയിൽ 1,80,887 പട്ടയം നൽകി. നിലവിൽ 3,47, 000 ഭൂരഹിതരാണുള്ളത്‌.  ഇതിനായി 17,500 ഏക്കർ ഭൂമി വേണം.  മിച്ച ഭൂമി കണ്ടെത്തും. വിവിധ വകുപ്പുകളിൽ  ഉപയോഗമില്ലാതെ കിടക്കുന്ന ഭൂമിയും ഏറ്റെടുക്കും.   ആദിവാസികൾക്ക്‌ വനഭൂമി ലഭ്യമാക്കും. കഴിഞ്ഞ ഏഴ്‌ വർഷത്തിനിടയിൽ ഏഴായിരത്തോളം ആദിവാസികൾക്ക്‌  ഭൂമി  ലഭ്യമാക്കി. 
43 ലക്ഷത്തോളം കുടുംബങ്ങൾക്ക്‌ കാരുണ്യ സമഗ്ര ആരോഗ്യ സുരക്ഷാ പദ്ധതി നടപ്പാക്കുന്നു, 60 ലക്ഷം പേർക്ക്‌ സാമൂഹ്യ സുരക്ഷാ പെൻഷനും നൽകുന്നു. അടുത്ത വർഷം നവംബറോടെ അതിദരിദ്രരില്ലാത്ത സംസ്ഥാനമായി കേരളം മാറുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top