ചേലക്കര
ചേലക്കരയുടെ പ്രിയപ്പെട്ട ഓണക്കാല വിനോദം തലമ പന്തുകളി മത്സരം കലാശക്കൊട്ടിലേക്ക്. കൈകൊണ്ടും കാലുകൊണ്ടും കളിക്കുന്ന പന്ത് കളിയാണിത്. ഒരു ടീമിൽ ഏഴ് പേർ മത്സരിക്കാനും രണ്ട് പേർ എക്സ്ട്രാ ആയും ഉണ്ടാകും. തലമ, ഒറ്റ, എരട, തൊടമ, പിടിച്ചാൽ, കാക്കോടി, ഓടി എന്നിങ്ങനെ ഏഴ് തരത്തിലുള്ളതാണ് കളിയുടെ രീതി.
തലമ മുതൽ ഓടി വരെയുള്ള ഓരോ ഘട്ടവും പുറത്താകാതെ മൂന്നുവീതം കളിക്കും. പന്ത് കളിക്കളത്തിന് പുറത്തുപോകുകയോ പന്തിനെ അടിക്കാൻ സാധിക്കാതാകുകയോ ചെയ്താൽ പട്ടം എന്ന കുറ്റിയെ പന്തുകൊണ്ട് എറിഞ്ഞുവീഴ്ത്തി കളിക്കുന്നയാളുടെ മത്സരഘട്ടം അവസാനിപ്പിക്കാൻ കഴിയും. അല്ലാത്ത പക്ഷം ഏഴു ഘട്ടങ്ങളിലെ മത്സരത്തിൽ ഓരോ ഘട്ടവും ഒരേ കളിക്കാരന് കളിച്ച് മുന്നിലെത്താം. തലമ മുതൽ ഓരോ കളിയും പുറത്താകാതെ മൂന്ന് വീതം കളിച്ച് ഓടിയിൽ അവസാനിക്കുന്ന ടീം മറുടീമിനെതിരെ പട്ടം വച്ചതായും നിശ്ചിത സമയത്തിനുള്ളിൽ കൂടുതൽ പട്ടം വയ്ക്കുന്ന ടീംവിജയിച്ചതായും റഫറി പ്രഖ്യാപിക്കും.
പത്തുകുടി നെഹ്റു ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബാണ് മത്സരം സംഘടിപ്പിച്ചത്. 150 വർഷം പഴക്കമുള്ള കളിയാണിതെന്നാണ് പഴമക്കാർ പറയുന്നത്. എൻസി യുണൈറ്റഡ് നാട്യൻചിറയും പത്തുകുടി ചീപ്പാറ കളക്ഷൻ ബോയ്‌സും തമ്മിൽ 29ന് പകൽ 2.30നാണ് ഫൈനൽ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..