തൃശൂർ
ഉയർന്ന പലിശ നിരക്കിൽ പണം നൽകി പ്രവർത്തിക്കുന്ന എസ്ആർ ഫൈനാൻസ് സ്ഥാപനത്തിന് പണം നൽകുന്ന മുഖ്യസൂത്രധാരനെ പൊലീസ് അറസ്റ്റ് ചെയ്തു.
മരത്താക്കര കമ്പനിപ്പടി കുരിയാക്കോടൻ ജിത്തു മോൻ എന്ന ജിജിത്ത് (38)നെയാണ് തൃശൂർ സിറ്റി പൊലീസ് കമീഷണർ ആർ ഇളങ്കോവിന്റെ നിർദേശപ്രകാരം തൃശൂർ അസി. കമീഷണർ സലീഷ് ശങ്കരന്റെ നേതൃത്വത്തിലുള്ള അന്വേഷക സംഘം അറസ്റ്റു ചെയ്തത്. ഉടമസ്ഥരായ കണിമംഗലം വർക്കേഴ്സ് നഗർ സ്വദേശിയായ തോലത്ത് വീട്ടിൽ സജീന്ദ്രൻ (41), മാറ്റാമ്പുറം സ്വദേശിയായ കടവി വീട്ടിൽ രഞ്ജിത്ത് (41) എന്നിവരേയും കൂട്ടാളികളായ കൂർക്കഞ്ചേരി കണ്ണംകുളങ്ങര സ്വദേശിയായ പട്ടാട്ടിൽ വീട്ടിൽ വിവേക് (28), മാറ്റാംപുറം സ്വദേശിയായ കറുപ്പംവീട്ടിൽ അർഷാദ് (20) എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. സ്ഥാപനത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുന്ന ജിജിത്ത് ഉൾപ്പെടയുള്ളവരുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതായിരുന്നു അന്വേഷണത്തിലേക്ക് നയിച്ചത്. അത്യാവശ്യക്കാർക്ക് ഉയർന്ന പലിശ നിരക്കിൽ പണം നൽകുക എന്നതായിരുന്നു ഇവരുടെ പ്രവർത്തന രീതി.
സജീന്ദ്രൻ, രഞ്ജിത്ത് എന്നിവർ പങ്കളിയായും വിവേക് അർഷാദ് എന്നിവർ ജീവനക്കാരുമായി പ്രവർത്തിച്ചിരുന്ന സ്ഥാപനത്തിന്റെ പണമിടപാടു കാര്യങ്ങളിൽ മുഖ്യ ഉറവിടമാണ് അറസ്റ്റിലായ ജിത്തു. സ്ഥാപനത്തിൽ നിന്ന് പലർക്കുമായി പണം നൽകിയതിന്റെയും വാങ്ങിയതിന്റെയും രേഖകൾ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
കേരള മണി ലെന്റിങ് നിയമം കൂടാതെ അമിത പലിശയ്ക്ക് പണം നൽകിയതിനുള്ള വകുപ്പുകളും ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തത്. ജിജിത്തിന് നെടുപുഴ പൊലീസ് സ്റ്റേഷനിൽ ഏഴുകേസുകളും ഒല്ലൂർ സ്റ്റേഷനിൽപതിനെട്ടു കേസുകളും വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ ഒരു കേസും, വരന്തരപ്പിള്ളി സ്റ്റേഷനിൽ ഒരു കേസും, മണ്ണുത്തി സ്റ്റേഷനിൽ ഒരു കേസും നിലവിലുണ്ട്. തൃശൂർ ഈസ്റ്റ് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം ജെ ജിജോ , എ എസ് ഐ ദുർഗ, സീനിയർ സിവിൽ പൊലീസ് ഓഫീസർ സുജിത്, സിവിൽ പൊലീസ് ഓഫീസർ സുനിൽ, സ്റ്റൈനി എന്നിവർ അന്വേഷക സംഘത്തിലുണ്ടായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..